ബലപ്രയോഗമല്ല,സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഇന്ത്യയുടെ മാര്‍ഗ്ഗം സംവാദം: പ്രധാനമന്ത്രി

കോഴിക്കോട്: ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിനു പകരം സംവാദങ്ങളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ഐഐഎമ്മിലെ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അനാച്ഛാദനം ചെയ്തശേഷം, ഇന്ത്യന്‍ ചിന്തകളുടെ ആഗോളവത്കരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഭീകരവാദത്തിന്റെയും ഭീതികളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ലോകത്തിനായി പ്രതീക്ഷയുടെ കിരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംസ്‌കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങള്‍ സമ്പത്തും സ്ഥലവും കൈയടക്കാനാണു യുദ്ധം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയുടെ സൈനികര്‍ സമാധാനത്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത ഭാഷകളും പാരമ്പര്യങ്ങളും ശീലങ്ങളും വിശ്വാസങ്ങളും ഉണ്ടായിരിക്കെത്തന്നെ നൂറ്റാണ്ടുകളായി നാം സമാധാനത്തോടെയും ശാന്തിയോടെയുമാണ് നാം ജീവിച്ചുവരുന്നത്. ലോകത്തെ നാം നമ്മുടെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തു. അങ്ങനെയാണ് നമ്മുടെ സംസ്‌കാരം അഭിവൃദ്ധിനേടിയതെന്നും അദ്ദേഹ പറഞ്ഞു.

ആഗോള രംഗത്തെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സംഭാവനകള്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ മുദ്ര സ്‌കീം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയവ രാജ്യത്തിന്റെ വലിയ നേട്ടങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top