വിക്ഷേപണം വിജയം, ഇന്ത്യയുടെ ഐ.ആര്‍.എന്‍.എസ്.എസ്.1 ഐ ഉപഗ്രഹം ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: നാവിക് ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല പൂര്‍ത്തിയാക്കാനുള്ള ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഒന്ന്-ഐ. പി.എസ്.എല്‍.വി. എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം.

36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്.

വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്.

വിക്ഷേപണം വിജയമായതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന ലക്ഷ്യമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇന്ത്യയ്ക്ക് ചുറ്റും 1500 കിലോമീറ്റര്‍ പരിധിയില്‍ ഗതിനിര്‍ണയം നടത്താനാവും. ഇതിനായി ഏഴ് ഉപഗ്രഹങ്ങളും രണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളുമുണ്ട്.

Top