ആശയവിനിമയ രംഗത്ത് ഇന്ത്യ സുരക്ഷിതമല്ല; സാങ്കേതിക വിദ്യയില്‍ പിന്നോട്ട്‌

ന്യൂഡല്‍ഹി:2014 സംയുക്ത കമാന്‍ഡര്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വിഭാഗത്തിലെ ഡിജിറ്റല്‍ വല്‍ക്കരണത്തെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സൈബര്‍ ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അന്ന് ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. പിന്നീട് ഐഎന്‍എസ് വിക്രമാദിത്യയുടെ ചടങ്ങിലും അദ്ദേഹം വിശമായ നിര്‍ദ്ദേശങ്ങള്‍ സൈബര്‍ ഇടങ്ങളുടെ ശാക്തീകരണത്തെക്കുറിച്ച് നടത്തി.

ഡിജിറ്റല്‍ ആക്രമണ പ്രതിരോധത്തിന്‌ നിലവിലെ ഇന്ത്യയിലെ സാഹചര്യം അപര്യാപ്തമാണ്. കെട്ടിടങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യം ഈ മേഖലയില്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കീഴില്‍ വരുന്ന പദ്ധതിയാണ് പ്രിസം. ഇന്റര്‍നെറ്റ് ആശയവിനിമയത്തിന്റെ വിവരങ്ങള്‍ 2013ല്‍ പ്രിസം ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നത് നിഷ്പ്രയാസം സാധിക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍.

മൈക്രോസോഫ്റ്റ്, യാഹൂ അടക്കമുള്ള കമ്പനികള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പ്രിസത്തെ സഹായിച്ചു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ കമ്പനികള്‍ ഇതെല്ലാം നിരസിച്ചു. പക്ഷേ, തെളിവുകള്‍ ബാക്കി നില്‍ക്കുകയാണ്.

അമേരിക്ക മാത്രമല്ല, ചൈനയും അടുത്തിടെ ഇത്തരം ഇന്റര്‍നെറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ മേഖലകളിലുണ്ടായ സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് രാജ്യങ്ങള്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2014ല്‍ ചൈനീസ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിന് ശേഷം സിസ്‌കോ, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാക്കി.

2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഹവ്വായിയുടെ ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ബില്‍ പാസാക്കി. മോസ്‌കോയുടെ കാസ്പര്‍സ്‌കി ലാബ് നിരോധിച്ചതിന് തൊട്ടടുത്ത വര്‍ഷമായിരുന്നു ഇത്.

ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ ആണ് ഈ മേഖലയില്‍ വളരെയധികം വെല്ലുവിളി നേരിടുന്നത്. 2014ല്‍ ചൈനീസ് നെറ്റ് വര്‍ക്കുകള്‍ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയേക്കാള്‍ ജനസംഖ്യ വളരെക്കുറവുള്ള ആസ്‌ട്രേലിയയില്‍ ഹുവായ്ക്ക് നിരോധനം ഉണ്ട്. ദേശീയ സുരക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്.

ആര്‍മിയുടെ ഏറ്റവും വലിയ ആശയവിനിമയ ഉപാധികളില്‍ പോലും സിസ്‌കോയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൊക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇപ്പോഴും ഇന്ത്യന്‍ സൈനികര്‍ ഉപയോഗിക്കുന്നത്.

2015ല്‍ ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ് ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ സൈന്യം തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ അത് നടപ്പായില്ല.

രാജ്യസുരക്ഷയില്‍, സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോകാനുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top