കനത്ത മഴ; ഇന്ത്യയുടെ കാപ്പി ഉല്പാദനം 20% കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2018 ഒക്ടോബറില്‍ ഇന്ത്യയുടെ കാപ്പി ഉല്പാദനം 20 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ കാപ്പി ഉത്പാദനം 2,53,000 ടണ്ണായി കുറയുമെന്ന്‌ കോഫി ബോര്‍ഡ് വ്യക്തമാക്കി. 2017-18 (ഒക്ടോബര്‍-സെപ്റ്റംബര്‍) കാലയളവില്‍ രാജ്യത്ത് 3,16,000 ടണ്‍ കാപ്പി വിളവെടുത്തതായി ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2018-19 ലെ കാപ്പി ഉത്പാദനത്തിന്റെ കണക്കില്‍ പ്രളയം മൂലം കാപ്പി ഉത്പാദനം കുറയുമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കനത്ത മഴ മൂലം കാപ്പി വിളകള്‍ 2.26 ലക്ഷം ഹെക്ടറോളമാണ് നശിച്ചത്. നഷ്ടം 654 കോടി രൂപയാണ്.

ആഗസ്ത് എട്ട് മുതല്‍ 20 വരെ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കൊടക്, ഹസന്‍ എന്നിവിടങ്ങളിലെ കാപ്പി തോട്ടങ്ങളും നശിച്ചിരുന്നു. 2017-18 വര്‍ഷത്തില്‍ കര്‍ണാടക 2,22,300 ടണ്ണും കേരളത്തില്‍ 65,735 ടണ്ണുമാണ് വിളവെടുത്തതെന്ന് ബോര്‍ഡിന്റെ കണക്കുകളില്‍ വ്യക്തമാണ്.

സംസ്ഥാനത്ത് ആശ്വാസകരമായ കാപ്പി കൃഷിക്കാര്‍ക്കായി 654 കോടി രൂപ അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റോബസ്റ്റയും, കാപ്പിയുടെ വിവിധ പ്രൊഡക്ടുകളും ഇറ്റലി, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. രാജ്യത്ത് മൊത്തം ഉല്‍പാദനത്തിന്റെ 71 ശതമാനവും കര്‍ണാടകത്തില്‍ ആണ്, കേരളം 21 ശതമാനവും തമിഴ്‌നാട് അഞ്ചു ശതമാനവും ഉല്പാദിപ്പിക്കുന്നു.

Top