ചൈനയുടെ പിൻമാറ്റം ‘അപകടകരം’ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ

ചൈനയുമായുള്ള ബന്ധത്തില്‍, ‘ജൂലൈ’ ഇന്ത്യക്ക് ഏറെ നിര്‍ണ്ണായകമായ മാസമാണ്. 1962 ജൂലൈ 14ന് ആണ് ചൈനീസ് സേന ആദ്യമായി, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറിയിരുന്നത്. 200 വാരവരെയായിരുന്നു പിന്മാറ്റം. ഇതേപോലെ 58 വര്‍ഷങ്ങള്‍ക്കിപ്പുറം, 2020 ജൂലൈ 6നാണ് അവര്‍ വീണ്ടും പിന്‍മാറിയിരിക്കുന്നത്. രണ്ട് പിന്‍മാറ്റവും ഗല്‍വാനിലാണ് നടന്നിരിക്കുന്നത്.

ചൈനയുടെ ഈ പിന്‍മാറ്റം, രണ്ടടി മുന്നോട്ട് വയ്ക്കുന്നതിന്റെ മുന്നോടിയാണെന്ന് സംശയിക്കേണ്ടയിരിക്കുന്നു. ചരിത്രം നല്‍കുന്ന മുന്നറിയിപ്പുകളും അതുതന്നെയാണ്. 1962 ല്‍ ഗല്‍വാനില്‍ നിന്നും ചൈനീസ് സേന പിന്‍മാറിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ, കൃത്യം 97 ദിവസം കഴിഞ്ഞപ്പോയാണ് ചൈന ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരുന്നത്.

1962 ഒക്ടോബര്‍ 20നായിരുന്നു ഇന്ത്യ-ചൈന യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ നേരെ വമ്പന്‍ ആക്രമണത്തിനു ചൈന പദ്ധതിയിടുന്നതായി, ഒക്ടോബര്‍ 18നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിക്കിമിലും ഭൂട്ടാനിലും വടക്കു കഴിക്കന്‍ പ്രദേശങ്ങളിലും, ഒരേസമയം കടന്നുകയറുന്നതിന് ചൈനീസ് സൈന്യം തയാറാകുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധസാമഗ്രികള്‍ സംഭരിക്കുന്നതിനായി ചൈനീസ് സേന, അതിര്‍ത്തി പ്രദേശത്തിനു സമീപത്തെ സന്യാസിമഠങ്ങളെല്ലാം പിടിച്ചെടുക്കുകയുണ്ടായി. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ മക്മഹോന്‍ രേഖയോടു ചേര്‍ന്നും, സൈനിക സംഘങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

ഭൂട്ടാന്‍ അതിര്‍ത്തിയിലും സിക്കിം അതിര്‍ത്തിയിലും ചൈന, മറ്റൊരു ഡിവിഷന്‍ സൈന്യത്തെ നിര്‍ത്തുകയും ചെയ്യുകയുണ്ടായി. ഇതിനിടെ, ടിബറ്റിലെ അതിര്‍ത്തി പട്ടണങ്ങളില്‍നിന്ന് ചൈനീസ് പൗരന്മാരെ സൈന്യം മാറ്റുകയും ചെയ്തിരുന്നു. അവിടങ്ങളിലെല്ലാം ചൈനീസ് സൈന്യമാണ് താവളമടിച്ചിരുന്നത്. ചൈനയുടെ ഈ ‘ചതിയുടെ’ ഓര്‍മകള്‍ മനസ്സിലുള്ളതിനാലാണിപ്പോള്‍, ഇന്ത്യ ജാഗ്രതയോടെ നിലവില്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.

‘പഴയ ആക്ഷന്‍’ , പുതിയ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയില്ലന്നാണ്, ഉന്നത സൈനിക ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

അതിര്‍ത്തിയിലുടനീളം ഡ്രോണ്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ സേന, രാപ്പകല്‍ നിരീക്ഷണം തുടരുകയാണ്. രാത്രിക്കാഴ്ചയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയ അപ്പാച്ചി ഹെലികോപ്റ്ററുകളും അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. മിഗ് 29 യുദ്ധ വിമാനങ്ങളും രാത്രിനിരീക്ഷണത്തിനു ഉപയോഗിക്കുന്നുണ്ട്.

പിന്‍മാറ്റമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മുന്നറിയിപ്പ്, താല്‍ക്കാലികമായാണെങ്കില്‍ പോലും ചൈനീസ് അധികൃതര്‍ മുഖവിലക്കെടുക്കുകയാണുണ്ടായത്. ധാരണയുടെ ഭാഗമായി സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യയും സൈനികരെ പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ധാരണ, എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയാണ് അതിര്‍ത്തിയിലുള്ളത്. ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം ഒരിക്കലും വിശ്വാസത്തിലെടുക്കുന്നില്ല എന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്. ചൈനയുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറം, ഇന്ത്യ വന്‍ സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയിരുന്നത്.

മാത്രമല്ല, ലോകത്തെ മുന്‍ നിര അറ്റാക്ക് വിമാനമായ റഫേല്‍, അപ്പാച്ചെ ഹെലികോപ്റ്റര്‍, റഷ്യന്‍ നിര്‍മ്മിത ടാങ്കുകള്‍, ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകളും ഇന്ത്യ സജ്ജമാക്കിയിരുന്നു. ഇതുവരെ ഇന്ത്യ പുറത്തെടുക്കാത്ത രഹസ്യ ആയുധങ്ങള്‍, യുദ്ധമുണ്ടായാല്‍ ചൈനക്കെതിരെ പ്രയോഗിക്കുമെന്ന റിപ്പോര്‍ട്ടുകളും, ഇതിനിടെ പുറത്ത് വന്നിരുന്നു. സാമ്പത്തികമായി ലോകത്ത് കുതിച്ച് കൊണ്ടിരിക്കുന്ന ചൈനയെ സംബന്ധിച്ച്, ഏറെ ആശങ്കപ്പെടുത്തുന്ന നീക്കങ്ങളായിരുന്നു ഇത്.

അമേരിക്ക ചൈനക്ക് ചുറ്റം പോര്‍മുഖം തുറന്നതും, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കവും, ചൈനയെ പിറകോട്ടടിപ്പിച്ച ഘടകമാണ്. അജിത് ദോവലിന്റെ ചൈനയുമായുള്ള ചര്‍ച്ചയെ, ഈ ഘടകങ്ങളും വലിയ രൂപത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പല ശത്രുക്കളെ ഒരേ സമയം നേരിട്ടാല്‍, വന്‍ തിരിച്ചടി ലഭിക്കുമെന്ന തിരിച്ചറിവാണ്, ചൈനയുടെ ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണം. റഷ്യയുടെ പിന്തുണ ലഭിക്കാത്തതും ചൈനയെ സമ്മര്‍ദ്ദത്തിലാക്കിയ ഘടകമാണ്.

പരസ്പരം പോരടിക്കുന്ന റഷ്യയുടെയും അമേരിക്കയുടെയും പിന്തുണ നേടാനായതാണ്, ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ജപ്പാനും ഇസ്രയേലും പരസ്യമായാണ് ഇന്ത്യക്ക് വേണ്ടി രംഗത്ത് വന്നത്. അമേരിക്ക ചൈന കടലിടുക്കിലേക്ക് യുദ്ധകപ്പലുകള്‍ വിന്യസിച്ചാണ്, ചൈനയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഹോങ്കോങിലെ ഇടപെടല്‍ അമേരിക്ക വര്‍ദ്ധിപ്പിച്ചതും, ചൈനയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു.

ഇന്ത്യ – ചൈന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍, ഉറച്ച പങ്കാളിയായി ചൈനക്ക് കരുതാവുന്നത് രണ്ടേ രണ്ടു രാജ്യങ്ങളെ മാത്രമാണ്. അത് പാക്കിസ്ഥാനും ഉത്തര കൊറിയയുമാണ്.

ചൈനയുമായി സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍, ഇന്ത്യ ആദ്യം ഉന്നമിടുക പാക്ക് അധീന കശ്മീരായിരിക്കും. പാക്ക് – ചൈന സാമ്പത്തിക ഇടനാഴി കടന്നു പോകുന്ന ഈ പ്രദേശം, ഇന്ത്യ പിടിച്ചെടുത്താല്‍ അത് പാക്കിസ്ഥാനും ചൈനക്കും വലിയ പ്രഹരമാകും. ഭൂമി ശാസ്ത്രപരമായ മുന്‍തൂക്കവും, യുദ്ധം ചെയ്ത പരിചയവും, ഇന്ത്യക്കാണ് അനുകൂലം. അതിര്‍ത്തിയിലെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്, ചൈനയുടെ ഏത് പോര്‍വിമാനത്തിനും വലിയ ഭീഷണി തന്നെയാണ്.

സൈനിക കരുത്തില്‍ ചൈനയേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ, ഇതും ചൈനയെ അലട്ടുന്ന കാര്യം തന്നെയാണ്. എത്ര വലിയ ശക്തിയാണെന്ന് പറഞ്ഞാലും കരുത്തില്‍ വിള്ളല്‍ വീണാല്‍ പിന്നെ പിടിച്ച് നില്‍ക്കാന്‍ പ്രയാസമാകും. ചൈനയുടെ ശക്തിയില്‍ ഇന്ത്യ വിള്ളല്‍ സൃഷ്ടിച്ചാല്‍ പിന്നെ, അവിടെ കടന്നു കയറുക അമേരിക്ക ആയിരിക്കും. ഇത്തരമൊരു സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ചൈനയുടെ പിന്‍മാറ്റം. കൂടുതല്‍ ശക്തമായി അവസരം വന്നാല്‍, ചൈന കടന്നു കയറുമെന്ന് മുന്നില്‍ കണ്ടു തന്നെയാണ്, ഇന്ത്യയും ഇപ്പോള്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്.

പരമാവധി ആധുനിക ആയുധങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. മുഴുവന്‍ റഫേല്‍ വിമാനങ്ങളും കാലതാമസമില്ലാതെ വിട്ടു കിട്ടാനുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റുമായി ഇക്കാര്യത്തില്‍, പ്രധാനമന്ത്രി തന്നെ നേരിട്ട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 ട്രയംഫിന്റെ ഇടപാടുകളും വേഗത്തിലാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇതിനു പുറമെയാണ്, അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ധ്രുത ഗതിയിലാണ് നടന്നു വരുന്നത്. ഒരടി പിന്നോട്ട് മറിയത് രണ്ടടി മുന്നോട്ട് വയ്ക്കാനാണെന്ന താല്‍പ്പര്യത്തിന്, അതേ നാണയത്തില്‍ തന്നെയാണ് ഇന്ത്യയും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അണിയറയില്‍ നടക്കുന്ന തയ്യാറെടുപ്പുകള്‍ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്.

Top