ഇന്ത്യ-ചൈന ചര്‍ച്ച അവസാനിച്ചു; നിലവിലെ സ്ഥിതി തുടരും, കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ല

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു. 4 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്നു ധാരണയായി. തല്‍ക്കാലം നിലവിലെ സ്ഥിതി തുടരും.

അതിര്‍ത്തി മേഖലകളില്‍ നിന്നു ചൈനീസ് സേന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യയും അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ചൈനയും ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, സേനാ, നയതന്ത്ര തലങ്ങളില്‍ വരും ദിവസങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ ഈ വിഷയങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൈന്യങ്ങളുടെ ലോക്കല്‍ കമാന്‍ഡര്‍മാരുമായുള്ള 12 റൗണ്ടുകളും മേജര്‍ ജനറല്‍ തലത്തില്‍ മൂന്നു റൗണ്ട് ചര്‍ച്ചകളും കഴിഞ്ഞതിനുശേഷമാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടത്തിയത്. ഇന്ത്യന്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഇതിന് ഇന്ത്യ തയാറായിട്ടില്ല. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോര്‍ മേധാവിയാണു ഹരീന്ദര്‍. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജന്‍സ്, മിലിറ്ററി ഓപ്പറേഷന്‍സ് എന്നിവയുടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.

ചൈനയ്ക്കായി ദക്ഷിണ ഷിന്‍ ജിയാങ് മേഖലയിലെ മേജര്‍ ജനറല്‍ ലിയു ലിന്നും ചര്‍ച്ചയ്‌ക്കെത്തി. കിഴക്കന്‍ ലഡാക്കില്‍നിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുന്‍ സ്ഥിതി തുടരണമെന്നുമാണ് ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതില്‍ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേയ് ഒന്നാംവാരം സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

Top