india china relation

ബെയ്ജിങ് : അതിര്‍ത്തി തര്‍ക്കങ്ങളിലടക്കം ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാവണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായി പ്രണബ് മുഖര്‍ജി കൂടിക്കാഴ്ച നടത്തി.

ഇന്തോചൈനീസ് പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച്ചക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ ബീജിംഗില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനങ്ങള്‍ വ്യക്തമാക്കിയത്. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അവ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തുറന്ന ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകുകയാണ് വേണ്ടത്.

അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ആ ചര്‍ച്ചകള്‍ ഇനിയും തുടരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് സുബ്രഹ്മണ്യം ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളായിരുന്നു പ്രസിഡന്റുമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ പ്രധാന വിഷയം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് 8 ഇന പദ്ധതികളും രാഷ്ട്രപതി ചര്‍ച്ചയില്‍ അവതരിപ്പിച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള നീക്കങ്ങള്‍ക്ക് രൂപം നല്‍കും.

2014ല്‍ ക്‌സീ ജീന്‍ പിങ് നടത്തിയ ഇന്ത്യാ സന്ദര്‍ശത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുകയും 26 വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും ഒടുവില്‍ ആണവായുധങ്ങള്‍ കൈമാറ്റം ചെയ്യുന്ന രാജ്യങ്ങളുടെ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ ചൈന എതിര്‍ത്തതോടെ ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.

Top