ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്; മോസ്‌കോ ധാരണയ്ക്ക് ശേഷമുള്ള ആദ്യ യോഗം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി സൈനിക തലത്തിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചുസ്ഹുളിലെ മോള്‍ഡോയില്‍ രാവിലെ ഒന്‍പത് മണിക്ക് യോഗം തുടങ്ങും. മോസ്‌ക്കോയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ധാരണയായ അഞ്ചിന പരിപാടി നടപ്പാക്കുന്നതാണ് ചര്‍ച്ചയിലെ അജന്‍ഡ.

സ്ഥിരം പോസ്റ്റുകളിലേക്ക് സൈന്യങ്ങള്‍ മാറുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇത് ആറാം തവണയാണ് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നത്. എന്നിരുന്നാലും മോസ്‌കോ ധാരണയ്ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമായതിനാല്‍ ഇരു വിഭാഗങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ് നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ മേജര്‍ ജനറല്‍മാരായ അഭിജിത് ബാപ്പത്, പാദം ഷേഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവരും ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും സൈനികതല യോഗത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണ്. ചൈനീസ് സൈനിക സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു ആണ് നയിക്കുന്നത്.

Top