അതിര്‍ത്തിയിലെ പ്രകോപനവും സംഘര്‍ഷവും; ഇന്ത്യ-ചൈന ഉന്നതതല യോഗം ഇന്ന്

ലഡാക്ക്: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ-ചൈന ഉന്നതതല യോഗം. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ ചൈന ബോര്‍ഡര്‍ അഫയേഴ്സ് യോഗമാണ് ഇന്ന് നടക്കുക.

സൈനിക തല ചര്‍ച്ചകള്‍ അടക്കം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതില്‍ ഫലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാന്‍കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘം തുടര്‍ ചര്‍ച്ചകള്‍ അടക്കം നിശ്ചയിക്കും. പതിനൊന്ന് മണിയ്ക്ക് വെര്‍ച്വല്‍ ആയാണ് സുപ്രധാനമായ യോഗം നടക്കുക.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദികള്‍ക്ക് പിന്നില്‍ ചൈനയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായും വിവരം ലഭിച്ചിരുന്നു.

വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( ഐഎം) ഫുന്‍ടിംഗ് ഷിംറാങ് എന്നീ ഭീകരവാദികള്‍ ചൈനീസ് സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലെ യുന്നാന്‍ പ്രവിശ്യയിലാണ് ഭീകരവാദികള്‍ ചൈനീസ് സംരക്ഷണയില്‍ കഴിയുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

Top