ഇന്ത്യ – ചൈന സംഘര്‍ഷം; തുടര്‍ ചര്‍ച്ചകള്‍ നയിക്കുന്നത് അജിത് ഡോവല്‍

ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. അതേസമയം തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക വീണ്ടും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള നിര്‍ണായക ചുമതലയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയുമായി ഉണ്ടായ അകല്‍ച്ച പരിഹരിക്കാന്‍ ഉള്ള നീക്കങ്ങള്‍ തുടര്‍ന്ന് നടത്തുക ഡോവല്‍ ആയിരിക്കും. ജൂണ്‍ 15ന് 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഭവ വികാസങ്ങള്‍ക്ക് ശേഷം പ്രതിരോധത്തില്‍ ആയ കേന്ദ്ര സര്‍ക്കാരിന്റെ മുഖം രക്ഷിക്കുക എന്ന ദൗത്യം കൂടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഉണ്ട്.

2019 ഡിസംബറില്‍ ചൈനയുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ നയിച്ചത് ഡോവല്‍ ആയിരുന്നു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

Top