ഇന്ത്യ-ചൈന സംഘര്‍ഷം; ലഡാക്കില്‍ യുദ്ധത്തിനുള്ള പടയൊരുക്കം ?

ന്യൂഡല്‍ഹി: രാജ്യങ്ങള്‍ തമ്മിലുളള പ്രശ്‌നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനിക വാഹനങ്ങള്‍ എത്തിച്ച് ഇന്ത്യയും ചൈനയും. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കന്‍ ലഡാക്കില്‍ ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളും ഇവിടെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ അകപ്പെട്ടിട്ട് 25 വര്‍ഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

സൈനിക, നയതന്ത്ര തലത്തില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ഇരുസേനകളും നീങ്ങുന്നത്. പീരങ്കികളും ഇന്‍ഫന്‍ട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിലാണ് ചൈന എത്തിക്കുന്നതെന്ന് അനുബന്ധവൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യവും അധിക സേനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ചൈനയുടെ സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങളാണ് ഇന്ത്യയും നടത്തുന്നത്. പാംഗോങ്ങില്‍ പൂര്‍വസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രശ്‌നമേഖലയില്‍ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ചൈനീസ് സേന എത്രയും പെട്ടെന്ന് മേഖലയില്‍നിന്ന് പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നു എന്ന പേരില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നും അതിര്‍ത്തിയില്‍ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘര്‍ഷ സാഹചര്യം വഷളാക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കരുതെന്നും സേന അറിയിച്ചു.

Top