ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; വൈറലായി ‘റിമൂവ് ചൈന ആപ്‌സ്’

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്കെതിരെ വന്‍ പ്രതിഷോധമാണ് ഇന്ത്യക്കകത്ത് ഉയരുന്നത്. ചൈനീസ് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ടിക്ടോക് ഉള്‍പ്പെടയെുള്ള ചൈനീസ് ആപ്പുകളും ഇന്ത്യക്കാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഇന്ത്യയില്‍ ആഹ്വാനമുണ്ട്. ഇതിനു പിന്നാലെ ജയ്പുരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി പുറത്തിറക്കിയ ആപ് തരംഗമായി.’റിമൂവ് ചൈന ആപ്‌സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തരംഗമാകുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ലക്ഷത്തിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് ആപ്പ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വണ്‍ ടച്ച് ആപ് ലാബ്‌സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ് ഉപയോക്താക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന, ചൈനാനിര്‍മിത അപ്ലിക്കേഷനുകള്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള യുഐ (യൂസര്‍ ഇന്റര്‍ഫെയ്‌സ്) നല്‍കുകയും ചെയ്യുന്നു. മേയ് 17നാണ് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയത്. നിലവില്‍ പ്ലേ സ്റ്റോറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളില്‍ ഒന്നാണ് ഇത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്വെയറുകളും ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്വെയറുകളും ഒഴിവാക്കണമെന്നാണു മഗ്സസെ അവാര്‍ഡ് ജേതാവായ വാങ്ചുക് പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ചൈനീസ് നിര്‍മിത ഫോണ്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ത്രീ ഇഡിയറ്റ്സില്‍’ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുകില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു വെള്ളിത്തിരയിലെത്തിയത്.

Top