ഇന്ത്യ-ചൈന സംഘർഷം; യഥാർത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്: കേന്ദ്രത്തോട് രാഹുൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി.

രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ഇന്ത്യ പോരാടുമ്പോഴും ഈ വിഷയത്തിൽ നിശബ്ദത തുടരുന്നത് വൻ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ലഡാക്കിലെ നിലവിലെ സ്ഥിതിയും ചൈനയുമായുളള സംഘർഷവും ”ഗുരുതരമായ ദേശീയ ആശങ്ക”യാണ് സൃഷ്ടിക്കുന്നതെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ സർക്കാർ തുടരുന്ന നിശബ്ദത ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വലിയ ഊഹാപോഹങ്ങൾക്കും അനിശ്ചിതാവസ്ഥയ്ക്കും ആക്കംക്കൂട്ടുന്നതാണ്. ഇന്ത്യൻ സർക്കാർ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യയോട് കൃത്യമായി പറയണം.’ എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

ഈ നിർണായക ഘട്ടത്തിൽ സുതാര്യത ആവശ്യമാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഗാന്ധി ചൊവ്വാഴ്ച സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നു.

‘അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്രം ജനങ്ങളോട് പറയണം. ഞങ്ങൾ പലതരത്തിലുള്ള കഥകളാണ് കേൾക്കുന്നത്. അതുകൊണ്ട് യാതൊരുതരത്തിലുമുള്ള ഊഹാപോഹത്തിന് എനിക്ക് താല്പര്യമില്ല. എന്നാൽ അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്നത് സർക്കാർ വ്യക്തമാക്കണം. അങ്ങനെവന്നാൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.’ രാഹുൽ പറഞ്ഞു.

Top