ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ച ഉന്നത സേനാ നേതൃത്വങ്ങളുമായി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രശ്‌നം രൂക്ഷമാകുമ്പോള്‍, ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ നേതൃത്വങ്ങള്‍ ഈ മാസം ആറിനു നടത്തുന്ന ചര്‍ച്ച പരിഹാരത്തിലെത്തുമെന്ന് പ്രതീക്ഷ. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള 14 കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

ചൊവ്വാഴ്ച ലഡാക്കിലെത്തിയ വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി, ചര്‍ച്ചയ്ക്കു മുന്നോടിയായി ഹരീന്ദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരം, ഗല്‍വാന്‍ താഴ്വര എന്നിവിടങ്ങളില്‍ കടന്നുകയറാനുള്ള നീക്കത്തില്‍ നിന്നു ചൈന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ നിര്‍മാണം ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്നാണു ചൈനയുടെ ആവശ്യം. ഇരു കൂട്ടരും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രശ്‌നപരിഹാരം എളുപ്പമല്ലെങ്കിലും ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ അനുരഞ്ജന പാത തുറക്കുമെന്ന പ്രതീക്ഷയിലാണു സേന.

Top