ഇന്ത്യ-ചൈന അതിര്‍ത്തി നിയന്ത്രണ വിധേയം; ഇരു സേനകളും ഘട്ടംഘട്ടമായി പിന്‍വലിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുസേനകളെയും ഘട്ടംഘട്ടമായി പിന്‍വലിച്ച് തുടങ്ങിയെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ അറിയിച്ചു. സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്‌വരയില്‍ നിന്നാണു പിന്‍മാറ്റം ആരംഭിച്ചിരിക്കുന്നത്.

സേനാ പിന്‍മാറ്റം സംബന്ധിച്ച് കരസേനയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ മെച്ചപ്പെടുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്നു പൂര്‍ണമായി പിന്‍മാറാന്‍ ചൈന ഇനിയും തയാറായിട്ടില്ലെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.

പാംഗോങ് തടാകത്തോടു ചേര്‍ന്ന് ഇന്ത്യന്‍ സേനയുടെ പട്രോളിങ് തടസ്സപ്പെടുത്തി നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് പട്ടാളം നിലയുറപ്പിച്ചിരിക്കുകയാണ്. ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണ പിന്‍മാറ്റത്തിന്റെ സൂചനകള്‍ ചൈന നല്‍കുന്നുണ്ടെങ്കിലും പാംഗോങ് മേഖലയുടെ കാര്യത്തില്‍ കടുംപിടിത്തം തുടരുകയാണ്.

സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ഏപ്രില്‍ അവസാനം അതിര്‍ത്തിയിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാംഗോങ് മേഖലയുടെ കാര്യത്തില്‍ തര്‍ക്കം നീണ്ടാല്‍ ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Top