അതിര്‍ത്തിയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍, ഇന്ത്യ-ചൈന പത്താം വട്ട ചര്‍ച്ച ഇന്ന്

india-china

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍. സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. പത്താംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പുതിയ ചര്‍ച്ച.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം മോള്‍ഡോ ബോര്‍ഡര്‍ പോയിന്റിലാണ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുക. ഏകദേശം ഒമ്പതു മാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാ പിന്മാറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്. പാങ്ഗോങ് തടാകത്തിന്റെ വടക്കു ഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും സേനകളുടെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റം എന്ന കരാറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്നത്. ഇതിനു പിന്നാലെ ഫെബ്രുവരി പത്തിന് സേനാ പിന്മാറ്റം ആരംഭിക്കുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ വര്‍ഷം സംഭവിച്ച ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരാണെന്ന് വരുത്തുന്ന വിഡിയോ ആണ് ചൈന പുറത്തുവിട്ടത്.

എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിടുന്നത്. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി ചൈന സമ്മതിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിന്റെ വിഡിയോ പുറത്തുവരുന്നത്.

Top