മാവോയിസ്റ്റ് ആക്രമണം; തെരഞ്ഞെടുപ്പ് കാലത്തെ പ്രചരണായുധങ്ങള്‍ . .

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അര്‍ബന്‍ മാവോയിസം എന്ന വിഷയത്തിന് ഇന്ന് സവിശേഷ പ്രാധാന്യമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതൊരു രാഷ്ട്രീയ ആയുധം തന്നെയാണ്. ബസ്തറില്‍, വളരെ തന്ത്രപരമായി മോദി അത് പ്രയോഗിച്ചു. അര്‍ബന്‍ മാവോയിസം!. കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കര്‍ക പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഊന്നല്‍ നല്‍കുമ്പോള്‍ മാവോയിസ്റ്റ് പിന്തുണ എന്ന ആരോപണവുമായി അതിനെ പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മാവോയിസം ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ആദ്യമായിട്ടല്ല. എന്നാല്‍, ഫലപ്രദമായി ഇതിനെ പ്രതിരോധിക്കാന്‍ മാറി വരുന്ന ഒരു സര്‍ക്കാരുകള്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ, കൃത്യസമയത്ത് വൈര്യനിര്യാതന ബുദ്ധിയോടെ ഈ പേര് ഉപയോഗിക്കാനും മുതലെടുപ്പുകള്‍ നടത്താനും ഭരണ കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ പോലും വിവിധ പ്രതിഷേധങ്ങളില്‍, പ്രകടനങ്ങളില്‍ യുഎപിഎ ചുമത്താനും കേസെടുത്ത് പ്രതിരോധ ശബ്ദങ്ങളെ ഇല്ലാതാക്കാനും മാവോയിസം എന്ന ടൈറ്റില്‍ വലിയ സഹായകമായിരുന്നു.

വ്യത്യസ്തമാണ് ഉത്തരേന്ത്യയിലെ സ്ഥിതി. ബീഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക മേഖലകളിലെല്ലാം ആക്രമണ പരമ്പരകളാണ് നടക്കുന്നത്. ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം തെരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ദ്ധിച്ചു. ഈ വര്‍ഷം പകുതി വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ 122 മാവോയിസ്റ്റുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളുമടക്കം കൊല്ലപ്പെട്ടു.

b37e0907-74eb-48b1-8857-880ffe01f1cb

പട്ടിണിയാണ് ഒരളവില്‍ ഇത്തരം തീവ്രവാദ സംഘങ്ങളെ ഉണ്ടാക്കുന്നതും ശക്തിപ്പെടുത്തുന്നതും. ചൂഷണങ്ങളാണ് ഇതിന്റെ വിള നിലം. പ്രതിരോധമാണ് ശബ്ദം. എന്നാല്‍, അതിനുമപ്പുറത്തേയ്ക്ക് വളര്‍ന്നു പന്തലിക്കുന്ന, സഞ്ചാര സ്വാതന്ത്രത്തെപ്പോലും ഇല്ലാതാക്കുന്ന വലിയ വിപത്തായി ഈ പ്രവര്‍ത്തനങ്ങള്‍ മാറിക്കഴിഞ്ഞു. അതിനെ മറ്റൊരു വിധത്തില്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കിണഞ്ഞു ശ്രമിക്കുന്നു എന്നത് അപലപനീയം തന്നെയാണ്.

ചരിത്രം വലുതാണ്., 1991 ല്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ച. 1971 ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ നടന്ന ഓപ്പറേഷന്‍ സ്റ്റീപിള്‍ ചെയ്സില്‍ ചാരു മജുംദാരിനെ അടക്കം അറസ്റ്റ് ചെയ്യാന്‍ സാധിച്ചതിനെ വലിയ കാര്യമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. പാര്‍ട്ടിയിലെ ഭിന്നതയും സര്‍ക്കാരിനെ സഹായിച്ചു.

എന്നാല്‍, 1980 കളില്‍ ആന്ധ്രയില്‍ രൂപം കൊണ്ട പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് വലിയ മുന്നേറ്റം രാജ്യത്താകമാനം ഉണ്ടാക്കി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിടെ നക്സലേറ്റ് വിഭാഗങ്ങള്‍ ഈ രണ്ടാം ഘട്ടത്തില്‍ ശക്തി പ്രാപിച്ചു. 1991 ആയപ്പോഴേയ്ക്കും അത് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു ഈ വളര്‍ച്ച. മൂന്നാം ഘട്ടത്തില്‍, 2000 ഡിസംബര്‍ രണ്ടാം തീയതി തീവ്ര ഇടതുപക്ഷക്കാര്‍ ഗറില്ലാ യുദ്ധത്തിന് സജ്ജരായി.

7733e9eb-0b4f-41aa-9467-3a311a2b7769

2009 സെപ്തംബര്‍ 15ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി നക്‌സലിസത്തെ വിശേഷിപ്പിച്ചു. രാജ്യത്തെ വികസന മാതൃകകള്‍ക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ താങ്ങിനിര്‍ത്താനുള്ള കെല്‍പ്പുണ്ടായിരുന്നില്ല എന്നാണ് 2008ല്‍ പ്ലാനിംഗ് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. അതേ സംശയങ്ങളാണ് ഇപ്പോഴും ഉയരുന്നത്. കര്‍ഷക മാര്‍ച്ചില്‍ കണ്ട അസ്വസ്ഥതകള്‍, തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍, നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് വിദേശത്തു നിന്നും ലഭിക്കുന്ന സഹായങ്ങള്‍. . . എല്ലാം നയരൂപീകരണങ്ങളുടെ പിഴവു തന്നെയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ആഭ്യന്തരമായി നിലനില്‍ക്കുന്ന ഈ ക്രമസമാധാന പ്രശ്‌നത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top