രാജ്യത്ത് കൊവിഡ് ബാധിതര്‍ 25000നടുത്ത്; 24 മണിക്കൂറിനുള്ളില്‍ മരണം 56

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,942 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. നിലവില്‍ 18,953 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5210 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുയണ്ട്.

ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ വര്‍ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ച്ച് 24 കൊവിഡ് രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് 5.8 ശതമാനത്തിലെത്തിയിരിക്കുകയാണ് എന്നാണ് സൂചന. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനയാണത്. ലോക്ക് ഡൗണ്‍ അവസാനത്തിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ.

Top