India cannot unilaterally separate itself from Indus Waters Treaty

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറില്‍ നിന്ന് ഏകപക്ഷീയമായി ഇന്ത്യക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്ന് പാകിസ്താന്‍.

കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വങ്ങാനോ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താനോ ഇന്ത്യയ്ക്ക് സാധിക്കില്ല. കൂടാതെ സിന്ധു നദീജല കരാര്‍ സമയബന്ധിതമോ പ്രശ്‌നാധിഷ്ഠിതമോ അല്ല .

ഏകപക്ഷീയമായി കരാറില്‍ മാറ്റം വരുത്തുന്നത് തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ത്തന്നെ ഉണ്ടെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്‌റിയ വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ളത് വ്യാജവും ഉത്തരവാദിത്വ രഹിതവുമായ അവകാശവാദമാണെന്നും മേഖലയില്‍ അശാന്തി പരത്തുന്നതിന് ഇന്ത്യ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും നഫീസ് സക്‌റിയ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ജലം പങ്കുവെയ്ക്കുന്ന സിന്ധുനദീജല കരാര്‍ പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും പാക്കിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. ജലം പങ്കുവയ്ക്കുന്നതിനായി നിരവധി വ്യവസ്ഥകളും ഉടമ്പടി നിര്‍ദേശിക്കുന്നു.

ഈ കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്താനിലെ പല പ്രദേശങ്ങളിലും വരള്‍ച്ചയുണ്ടാകും.

Top