കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ല : ശങ്കര്‍ ദാസ്

assam

ന്യൂഡല്‍ഹി: കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ലെന്ന് അസം ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് ശങ്കര്‍ ദാസ്. അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ശങ്കര്‍ ദാസ്.

ഇന്ത്യയുടെ യഥാര്‍ത്ഥ പൗരന്‍മാരെ തിരിച്ചറിയുന്നതിന് പൗരത്വപ്പട്ടിക തയാറാക്കണം. സ്വാശ്രയശീലമുള്ള, സ്വാഭിമാനമുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വപ്പട്ടിക തയാറാക്കണം. രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണിത്. പൗരത്വപ്പട്ടിക തയറാക്കുന്നത് അസമില്‍ നിന്നു തന്നെ തുടങ്ങിയത് ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വപ്പട്ടിക സംസ്ഥാനത്തിനുള്ളില്‍ വിള്ളലുണ്ടാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുന്നയിക്കുന്നുണ്ടെന്നും എന്നാല്‍ അതെല്ലാം വസ്തുതാവിരുദ്ധമാണെന്നും ശങ്കര്‍ ദാസ് വ്യക്തമാക്കി.

വിസ കാലാവധി കഴിഞ്ഞും പലരും ഇന്ത്യയില്‍ തന്നെ തുടരുന്ന അവസ്ഥയാണ്. 1971 ന് ശേഷം അസമില്‍ ഈ പ്രശ്‌നം ഗുരുതരമാണ്. ബംഗാളില്‍ നിന്നും അനധികൃതമായി കുടിയേറിയവര്‍ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിനും ഭാഷക്കും സത്വത്തിനുമെല്ലാം ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് അസമില്‍ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. 40 ലക്ഷത്തോളം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Top