നിലവിലെ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയും; പ്രശംസയുമായി അനില്‍ കുംബ്ലെ

മുംബൈ: മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയുമെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഈ ടീമിന് അടുത്ത അഞ്ചേ ആറോ വര്‍ഷക്കാലം ക്രിക്കറ്റിലെ സുപ്രധാന ശക്തിയായി നിലനില്‍ക്കാനാകും. രണ്ട് വര്‍ഷം മുമ്പേ താന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതായും കുംബ്ലെ പറഞ്ഞു.

പേസ് ത്രയത്തെയും നാല് ബാറ്റ്‌സ്മാന്‍മാരെയും നോക്കുക. പ്രതിഭാധനനായ റിഷഭ് പന്ത് കൂടി മധ്യനിരയില്‍ ബാറ്റിംഗിനെത്തുമ്പോള്‍ ഇന്ത്യന്‍ ലൈനപ്പിന്റെ ഘടന തന്നെ മാറും. ഹര്‍ദിക് പാണ്ഡ്യയെ പോലുള്ള ഓള്‍റൗണ്ടര്‍മാരുണ്ട്. മൂന്ന് സ്പിന്നര്‍മാരുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ലോകോത്തര സ്പിന്നര്‍മാരാണ് നമുക്കായി കളിക്കുന്നത്. ശക്തമായ ബൗളിംഗ് അറ്റാക്കാണ് ഇന്ത്യയുടെ കരുത്ത് എന്നും കുംബ്ലെ വ്യക്തമാക്കി.

നായകന്‍ വിരാട് കൊഹ്ലിയും പൂജാരയുമാണ് ടീമിന്റെ കരുത്ത്. ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും തുടരണം. രണ്ട് യുവതാരങ്ങളും പ്രതിഭാശാലികളാണ്. കെ എല്‍ രാഹുലിന് മികച്ച ഫോമില്‍ മടങ്ങിയെത്താനാകും എന്നാണ് പ്രതീക്ഷ. രോഹിതും ടീമിലുണ്ട്. ഇത്രയും പേസര്‍മാര്‍ ഒരേസമയം മികവ് കാട്ടിയ സാഹചര്യം മുമ്പുണ്ടായിട്ടില്ല. അതിനാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യ ക്രിക്കറ്റ് ലോകം അടക്കിഭരിക്കുമെന്ന് കുംബ്ലെ പറഞ്ഞു.

Top