ഇന്ത്യ പെഗാസസ് വാങ്ങി; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ദരിച്ച് വാര്‍ത്ത നല്‍കിയത്.

2017 ല്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു.ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയത്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

ഇന്ത്യ ഉള്‍പ്പടെ ലോകത്തിലെ പല സര്‍ക്കാരുകള്‍ക്കും ഇസ്രയേല്‍ പെഗാസസ് വിറ്റുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ഇതുവരെ ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഒരു അന്വേഷണവും ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.

2019ല്‍ സോഫ്റ്റ്‌വെയറിനുള്ളില്‍ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഇസ്രയേലിന്റെ എന്‍ എസ് ഒ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു കരാറും ഇല്ലെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയില്‍ വധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദി വയര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇന്ത്യയില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

Top