‘പ്രൊജക്ട് ചീറ്റ’; ഇന്ത്യയില്‍ ഹെറോണ്‍ ഡ്രോണുകള്‍ക്ക് ഇനി ആയുധമണിയിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് അംഗീകാരം നല്‍കിയത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി വേഗത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്.

പ്രോജക്ട് ചീറ്റ’ എന്നാണ് ഹെറോണ്‍ ഡ്രോണിനെ ആയുധമണിയിക്കാനുള്ള പദ്ധതിയുടെ പേര്. നിലവില്‍ ആകാശ നിരീക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഹെറോണ്‍ ഡ്രോണുകളില്‍ ലോസര്‍ നിയന്ത്രിത ബോംബുകള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവയാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. 3,500 കോടി രൂപയുടേതാണ് പദ്ധതി.

90 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്. നിലവില്‍ ആയുധമായി തന്നെ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും ഇന്ത്യ ഇസ്രായേലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഹറൂപ് ഡ്രോണുകള്‍ ഇത്തരത്തില്‍ പെട്ടവയാണ്. വിമാനത്തേപ്പോലെ പറന്നുയര്‍ന്ന് കഴിഞ്ഞാല്‍ ഇവയെ ഏറെനേരം ആകാശത്ത് നിലനിര്‍ത്താന്‍ സാധിക്കും. ലക്ഷ്യം നിര്‍ണയിച്ചു കഴിഞ്ഞ്, കമാന്‍ഡിങ് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് മിസൈല്‍ പോലെ കുതിച്ചിറങ്ങി പൊട്ടിത്തെറിച്ച് പരമാവധി നാശമുണ്ടാക്കുകയാണ് ഇവ ചെയ്യുക

ഇതില്‍നിന്ന് വ്യത്യസ്തമാണ് ഹെറോണ്‍ ഡ്രോണുകള്‍. അവയെ ആയുധമണിയിച്ചാല്‍ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും പലതവണ ഉപയോഗിക്കാനും സാധിക്കും. ഹെറോണ്‍ ഡ്രോണുകള്‍ക്ക് പുറമെ അമേരിക്കയില്‍നിന്ന് 30 പ്രഡേറ്റര്‍ ഡ്രോണുകള്‍ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം.

Top