ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാശയങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബി.എസ്.എഫ്

bsf

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നത് ലക്ഷ്യമിട്ട് ബി.എസ്.എഫ് വെള്ളത്തിനടിയില്‍ സെന്‍സറുകള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 1,116 കിലോമീറ്റര്‍ ജലാശയങ്ങളിലാണ് സെന്‍സറുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഇതിന് പുറമെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്ന ആളില്ലാ വാഹനങ്ങള്‍ ഉപയോഗിച്ച് നദികളില്‍ നിരീക്ഷണം നടത്താനും തീരുമാനിച്ചു.

2979 കിലോമീറ്ററാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി. ഇതിലെ 1,116 കിലോമീറ്റര്‍ ജലാശയങ്ങളില്‍ 54 നദികളാണുള്ളത്. ബംഗാള്‍, ആസാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന അതിര്‍ത്തിയിലെ ജലാശയങ്ങള്‍ വഴിയാണ് അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഈ അതിര്‍ത്തിയില്‍ പലയിടത്തും വേലികള്‍ സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് ബി.എസ്.എഫ് കണ്ടെത്തിയതോടെയാണ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാര്‍ഗ്ഗം തിരിഞ്ഞെടുത്തിരിക്കുന്നത്.

സ്വയമേ റീചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററികള്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ വെള്ളത്തിലെ ചലനങ്ങള്‍ തിരിച്ചറിയുകയും സൈനിക കേന്ദ്രങ്ങളില്‍ അപ്പപ്പോള്‍ വിവരം കൈമാറുകയും ചെയ്യും. സെന്‍സറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

Top