ഇത്തരം സന്ദേശങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ല; അല്‍ ഖ്വയ്ദ തലവന്റെ ഭീഷണി തള്ളി ഇന്ത്യ

army

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ഭീഷണി സന്ദേശം ഗൗരവമായി കാണുന്നില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം പര്യാപ്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടയ്ക്കിടെ ഇത്തരത്തിലുള്ള ഭീഷണികള്‍ വരാറുണ്ട് എന്നാല്‍ എന്തും നേരിടാനുള്ള പ്രാപ്തിയും സന്നാഹങ്ങളും സൈന്യത്തിന് ഉള്ളതിനാല്‍ അവയെല്ലാം നിസാരമായി തള്ളിക്കളയുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഭീകരസംഘടനയാണ് അല്‍ ഖ്വയ്ദ. അതിന്റെ നേതാക്കളായ ഭീകരര്‍ക്കെതിരെയും യു.എന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹംവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അല്‍ ഖ്വയ്ദ ചീഫ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തിലായിരുന്നു ഭീഷണി. കാശ്മീരിനെ മറക്കരുതെന്നും ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ കാശ്മീരിലെ മുജാഹിദ്ദീനുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അയ്മന്‍ അല്‍സവാഹിരി പറഞ്ഞു. ഭീകരസംഘടന പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരവാദത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെപറ്റിയും സവാഹിരി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top