രാജ്‌കോട്ടിലെ രാജകീയ വിജയം; ഇന്ത്യ തകര്‍ത്തത് ഓസീസിന്റെ ലോക റെക്കോര്‍ഡ്

ബംഗ്ലാദേശിന് എതിരെ ആദ്യമായി ടി20 മത്സരത്തില്‍ പരാജയപ്പെട്ട ശേഷം രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത്. രാജ്‌കോട്ടില്‍ നടന്ന രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി.

ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍ കേവലം 15.4 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ടി20 മത്സരങ്ങളില്‍ ചേസിംഗ് നേടി കരസ്ഥമാക്കുന്ന ഇന്ത്യയുടെ 41ാമത്തെ വിജയമാണിത്. ഇത് ലോക റെക്കോര്‍ഡുമാണ്. ഹൃസ്വ ഓവര്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ചേസ് വിജയങ്ങള്‍ ഇതുവരെ ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു, 40.

വിജയിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല ഇന്ത്യ ഓസീസിനെ മറികടന്നത്. ചേസിംഗില്‍ വിജയശതമാനത്തിലും ഇന്ത്യന്‍ ടീം മുന്നിലാണ്. ടി20 മത്സരങ്ങളില്‍ 61 തവണ ചേസ് ചെയ്തപ്പോഴാണ് അവര്‍ 41 വിജയങ്ങള്‍ നേടിയത്. ഓസ്‌ട്രേലിയ 69 തവണ ശ്രമിച്ചാണ് 40 തവണ വിജയിച്ചത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനാണ്. 67 മത്സരങ്ങളില്‍ ചേസ് ചെയ്ത് 36 തവണ അവര്‍ വിജയിച്ചു. ഇടക്കാല ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇക്കഴിഞ്ഞ വിജയത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. 43 പന്തില്‍ 85 റണ്‍ അടിച്ചുകൂട്ടി ഹിറ്റ്മാന്‍ കാര്യങ്ങള്‍ വേഗം അവസാനിപ്പിച്ചു.

Top