India best nation for Muslims; no neighbour better than Hindus: BJP to Aamir Khan

ന്യൂഡല്‍ഹി: അമീര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി രംഗത്ത്. ആമിര്‍ഖാനോട് രാജ്യം വിടാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഈ രാജ്യത്ത് സുരക്ഷിതനാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും മുസ്ലീമുകള്‍ക്ക് നല്ല ജീവിത സൗകര്യം നല്‍കില്ലെന്നും ഹിന്ദുവിനെപ്പോലൊരു നല്ല അയല്‍ക്കാരനെ കിട്ടില്ലെന്നും ബിജെപി. ഇന്ത്യയാണ് ആമിറിനെ താരമാക്കിയത് എന്ന കാര്യം മറക്കരുത്.

ഇന്ത്യയെക്കാളും സുരക്ഷിതമായ മറ്റൊരു രാജ്യം ആമിറിന് കിട്ടില്ല. മതത്തിന്റെ പേരില്‍ ഒരു താരത്തെയും അവഗണിക്കാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നും രാജ്യം വിടേണ്ടിവരുമോ എന്ന് ഭാര്യ ചോദിച്ചതായുമുള്ള ബോളിവുഡ് താരം അമീര്‍ഖാന്റെ പ്രസ്താവനയാണ് വിവാദത്തിലായത്.

ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും. സുരക്ഷിതത്വ ബോധവും നീതി ലഭിക്കുമെന്ന ബോധവും ജനങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു.

അസഹിഷ്ണുതയ്‌ക്കെതിരെ അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതില്‍ തെറ്റില്ലെന്നും അക്രമരാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാണിതെന്നും നിയമം കയ്യിലെടുക്കാതെ ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്നുമായിരുന്നു ആമിര്‍ഖാന്റെ പ്രസ്താവന.

എന്നാല്‍, രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയ കാമ്പയിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഇത് അദ്ദേത്തിന്റെ ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയസംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറയുകയാണ് ചെയ്തതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.

അതേസമയം, അമീറിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സര്‍ക്കാരിനെയും മോഡിയെയും ചോദ്യം ചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹിയായും ദേശവിരുദ്ധരായും ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിനുപകരം ജനങ്ങളെ അസ്വസ്ഥരാക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിലൂടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മറിച്ച് ഭീഷണിപ്പെടുത്തിയോ കുറ്റപ്പെടുത്തിയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി അമീറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

Top