ഇന്ത്യ-ബഹ്റൈന്‍ വിമാനടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലേക്ക്

മനാമ: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പല ഗള്‍ഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. നിലവില്‍ ഇന്ത്യയില്‍ നിന്നും ബഹ്റൈനിലേക്ക് മാത്രമാണ് വിമാന സര്‍വീസുള്ളത്. ഒരു ലക്ഷത്തിനടുത്ത് രൂപ ഇപ്പോള്‍ ബഹ്റൈനിലേക്കുള്ള വിമാനടിക്കറ്റിന് നല്‍കേണ്ടി വരുന്നു. വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പ്രവാസികള്‍.

ജൂൺ, ജൂലൈ മാസങ്ങളിലെ പുതിയ ഷെഡ്യൂളുകള്‍ കഴിഞ്ഞ ദിവസം ആണ് വിമാനക്കമ്പനികള്‍ പുറത്തുവിട്ടത്. ഇതിലാണ് ഈ ഉയര്‍ന്ന നിരക്കുകള്‍ ഉള്ളത്. ജൂൺ രണ്ടിന് കൊച്ചിയിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 83,000 രൂപ നല്‍കണം. കോഴിക്കോട്ടു നിന്ന് ജൂൺ ഏഴിനുള്ള വിമാനത്തിനും ഇതേ നിരക്കാണ് നല്‍കേണ്ടത്. പെരുന്നാള്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാന്‍ ആണ് സാധ്യത. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തിയത് ആണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടാന്‍ കാരണം.

Top