India, become the largest market for online giant Alibaba

കൊച്ചി: ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബയുടെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങുകയാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് ആലിബാബയ്ക്ക്.

ആലിബാബയുടെ ഇന്ത്യയിലെ സഹസ്ഥാപനം രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുറന്നിരുന്നു. സാമ്പത്തിക സഹായം, ഉല്‍പ്പന്നങ്ങളുടെ പരിശോധന, സാങ്കേതികവിദ്യ തുടങ്ങി നിരവധി സഹായങ്ങള്‍ കമ്പനികള്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.

സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളുമായി ആലിബാബ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബിസിനസ്സ് ടു ബിസിനസ്സ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് ലക്ഷ്യം.

ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ സഹായിക്കുന്നതിനായി സ്‌മൈല്‍ എന്ന പേരിലും പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.

ജനസംഖ്യ, വ്യവസായം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലെയും ചൈനയിലേയും സാഹചര്യം സമാനമാണെന്നും കമ്പനി പറയുന്നു.

Top