വനിതാ ഹോക്കി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

ടോക്യോ: വനിതാ ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി വന്ദന കതാരിയ ഹാട്രിക്ക് നേടി. ജയത്തോടെ ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വന്ദന കതാരിയയിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിന്‍ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17-ാം മിനിറ്റില്‍ ദീപ ഗ്രേസ് ഫ്ളിക് ചെയ്ത് തന്ന പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് എറിന്‍ ഹണ്ടര്‍ സമനില ഗോള്‍ കണ്ടെത്തി.

32-ാം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39-ാം മിനിറ്റില്‍ മാരിസെന്‍ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 49-ാം മിനിറ്റില്‍ വന്ദന കതാരിയ ഇന്ത്യയുടെ വിജയ ഗോള്‍ നേടി.

 

Top