റോഡ് സേഫ്റ്റി സീരീസിൽ ശ്രീലങ്കക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ

റായ്പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ പ്രഥമ പതിപ്പിൽ ചാമ്പ്യന്മാരായി ഇന്ത്യൻ ലെജൻഡ്സ്. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യക്കായി യൂസു പത്താനും യുവരാജ് സിംഗും ഫിഫ്റ്റി നേടി. ശ്രീലങ്കക്കായി സനത് ജയസൂര്യ (43), ചിന്തക ജയസിംഗെ (40), കൗശല്യ വീരരത്നെ (38) എന്നിവർ തിളങ്ങി. ഇന്ത്യക്ക് വേണ്ടി യൂസുഫ് പത്താനും ഇർഫാൻ പത്താനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നാലാം വിക്കറ്റിൽ യുവരാജ്-യൂസുഫ് പത്താൻ സഖ്യം ഒരുമിച്ചതോടെ റണ്ണൊഴുകി. ബൗണ്ടറികൾ അടിക്കാൻ മത്സരിച്ച ഇരുവരും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും ഫിഫ്റ്റിയടിച്ചു. 41 പന്തുകളിൽ 60 റൺസെടുത്ത യുവരാജിനെ വീരരത്നെ പുറത്താക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അനായാസമാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ജയസൂര്യ-ദിൽഷൻ സഖ്യം 62 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ദിൽഷനെ (21) പുറത്താക്കിയ യൂസുഫ് പത്താൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ചമര സിൽവ (2), ഉപുൽ തരംഗ (13) എന്നിവർ ഇർഫാൻ പത്താനു മുന്നിൽ കീഴടങ്ങിയപ്പോൾ അപകടകാരിയായ ജയസൂര്യയെ  പുറത്താക്കിയ യൂസുഫ് പത്താൻ ഇന്ത്യക്ക് മുൻതൂക്കം നൽകി.

15 പന്തുകളിൽ 38 റൺസെടുത്ത വീരരത്നെ 64 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. അവസാന ഓവറിൽ 24 റൺസ് ആയിരുന്നു ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം. എന്നാൽ, 9 റൺസ് മാത്രമേ അവർക്ക് എടുക്കാനായുള്ളൂ.

 

Top