സൗത്ത് ആഫ്രിക്കയെ 48 റൺസിന് വീഴ്ത്തി ഇന്ത്യ

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ജീവൻ നിലനിർത്തി ഇന്ത്യ. വിശാഖപട്ടണത്ത് 48 റൺസിനാണ് സന്ദർശകരെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ മുൻപിൽ വെച്ച 180 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്ക 19.1 ഓവറിൽ 131 റൺസിന് ഓൾഔട്ടായി.

ഡൽഹിയിലും കട്ടക്കിലും നിരാശപ്പെടുത്തിയ ബൗളർമാർ വിശാഖപട്ടണത്ത് മികവിലേക്ക് ഉയർന്നു. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് കളിയിലെ താരം. അപകടകാരികളായ സൗത്ത് ആഫ്രിക്കൻ മദ്യനിരയെ തകർത്തത് ചഹലാണ്.

ദുസനും പ്രെടോറിയസിനും ക്ലാസെന്നിനും ചഹൽ പൂട്ടിട്ടു. ഡേവിഡ് മില്ലറെ ഹർഷൽ പട്ടേൽ മടക്കി. 24 റൺസ് എടുത്ത ക്ലാസനാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറർ. ചഹൽ മൂന്നും ഹർഷൽ പട്ടേൽ നാലും ഭുവിയും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ രണ്ട് ട്വന്റി20യും തോറ്റെങ്കിലും അതേ ഇലവനെ തന്നെയാണ് ഇന്ത്യ മൂന്നാം മത്സരത്തിലും ഇറക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഋതുരാജും ഇഷാനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇന്ത്യൻ സ്‌കോർ 10 ഓവറിൽ 97ൽ എത്തിയപ്പോഴാണ് ഋതുരാജ് മടങ്ങിയത്. 35 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം ഋതുരാജ് 57 റൺസ് എടുത്തു.

ഇഷാൻ കിഷൻ 35 പന്തിൽ നിന്ന് 54 റൺസും. എന്നാൽ ഓപ്പണർമാർ മടങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായി. 14 റൺസിന് ശ്രേയസും 6 റൺസ് മാത്രമെടുത്ത് പന്തും മടങ്ങി. ദിനേശ് കാർത്തിക്കിനും കാര്യമായൊന്നും ചെയ്യാനായില്ല. 31 റൺസ് എടുത്ത ഹർദിക് ആണ് പിടിച്ചുനിന്നത്.

Top