ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ആവേശജയം

ജയ്പൂര്‍: രാഹുല്‍ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനായെത്തിയ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സര ടി ട്വന്റി പരമ്പരയില്‍ 1 -0ന് മുന്നിലെത്തി.

ജയ്പൂരിലെ ആദ്യ അന്താരാഷ്ട്ര ടി ട്വന്റി മത്സരമായിരുന്നു ഇന്നത്തേത്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്ണെടുത്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വെറും രണ്ട് പന്തുകള്‍ മാത്രം അവശേഷിപ്പിച്ചാണ് ഇന്ത്യ മറികടന്നത്.

റിഷഭ് പന്തും ശ്രേയസ് അയ്യരും ക്രീസില്‍ നില്‍ക്കെ ജയത്തിലേക്ക് അവസാന രണ്ടോവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തി അവസാന പന്തില്‍ ശ്രേയസ് അയ്യരെ പുറത്താക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ജയത്തിലേക്ക് അവസാന ഓവറില്‍ ഇന്ത്യക്ക് വേണ്ടത് 10 റണ്‍സ്.

ഡാരില്‍ മിച്ചലിന്റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട അരങ്ങേറ്റക്കാരന്‍ വെങ്കടേഷ് അയ്യര്‍ ബൗണ്ടറിയടിച്ച് തുടങ്ങി. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. അടുത്ത പന്തില്‍ വെങ്കടേഷ് അയ്യര്‍ പുറത്ത്. പകരമെത്തിയ അക്‌സര്‍ പട്ടേലിനെതിരെ ഡാരില്‍ മിച്ചല്‍ വീണ്ടും വൈഡ് എറിഞ്ഞു, ജയത്തിലേക്ക് നാലു പന്തില്‍ നാലു റണ്‍സ്. അടുത്ത പന്തില്‍ അക്‌സറിന്റെ സിംഗിള്‍. നാലാം പന്ത് ലോംഗ് ഓഫ് ബൗണ്ടറി കടത്തി റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. 40 പന്തില്‍ 62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 36 പന്തില്‍ 48 റണ്‍സെടുത്തു. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 165-5, ഇന്ത്യ 19.4 ഓവറില്‍ 1665-5.

Top