ഇംഗ്ലണ്ടിനെ വീഴ്ത്തി വനിതാ ടി20യില്‍ ഇന്ത്യ ഫൈനലില്‍

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ടി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. സെമിയിൽ ഇംഗ്ലണ്ടിനെ നാല് റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു.

തുടക്കം മുതൽ കടന്നാക്രമിച്ച് തുടങ്ങിയ ഇംഗ്ലണ്ട് വനിതകൾ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാൽ മൂന്ന് റണ്ണൗട്ടുകളാണ് കളിയുടെ ഗതി തിരിച്ചത്. മികവോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ നാത് സീവർ, അമി ജോൺസ് എന്നിവരുടെ റണ്ണൗട്ടുകളാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 13 റൺസെടുത്ത അലിസ് കാപ്‌സിയും റണ്ണൗട്ടായി മടങ്ങി.അവസാന ഓവറിൽ 14 റൺസായിരുന്നു ഇംഗ്ലണ്ടിന വേണ്ടിയിരുന്നത്. സ്‌നേഹ് റാണ എറിഞ്ഞ ഈ ഓവറിൽ ഒൻപത് റൺസാണ് അവർക്ക് നേടാനായത്.

41 റൺസെടുത്ത നാത് സീവറാണ് ടോപ് സ്‌കോറർ. ഡാനി വ്യാറ്റ് 35 റൺസും അമി ജോൺസ് 31 റൺസും കണ്ടെത്തി. കാതറിൻ ബ്രന്റ് പൂജ്യത്തിന് മടങ്ങി. മായിയ ബുച്ചർ നാല് റണ്ണുമായും സോഫി എക്ലസ്റ്റോൺ ഏഴ് റണ്ണുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി സ്‌നേഹ് റാണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ ഒരു വിക്കറ്റെടുത്തു.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ധന- ഷെഫാലി വർമ സഖ്യം അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. മിന്നും ഫോമിലുള്ള ഓപ്പണർ സ്മൃതി മന്ധാനയുടെ ഉജ്ജ്വല അർധ സെഞ്ച്വറിയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. താരം 32 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 61 റൺസെടുത്തു.

ജെമിമ റോഡ്രിഗസ് 31 പന്തിൽ ഏഴ് ഫോറുകൾ സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20), ദീപ്തി ശർമ (22) എന്നിവരും പൊരുതി. ഓപ്പണർ ഷെഫാലി വർമ 15 റൺസെടുത്ത് പുറത്തായി. പൂജവസ്ത്രാകർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സ്‌നേഹ് റാണ പുറത്താകാതെ നിന്നു. ഇംഗ്ലീഷ് നിരയിൽ ഫ്രേയ കെംപ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കാതറിൻ ബ്രന്റ്, നാത് സിവർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Top