ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജുവടക്കം അഞ്ച് അരങ്ങേറ്റക്കാര്‍

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമില്‍ അരങ്ങേറുക. സഞ്ജുവിനൊപ്പം രാഹുല്‍ ചഹാര്‍, നിതീഷ് റാണ, ചേതന്‍ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്‌നിയും ടീമിലെത്തി.

ഇഷാന്‍ കിഷന്‍, കൃണാല്‍ പാണ്ഡ്യ, ദീപഹ് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്. കര്‍ണാടക ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചില്ല എന്നത് അത്ഭുതമായി. ശ്രീലങ്കന്‍ നിരയില്‍ പ്രവീണ്‍ ജയവിക്ക്രാമ, അകില ധനഞ്ജയ, രമേഷ് മെന്‍ഡിസ് എന്നിവര്‍ ടീമിലെത്തി.

രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക മുന്നോട്ടുവച്ച 276 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റണ്‍സെടുത്ത ദീപക് ചഹാര്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാല്‍ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.

 

Top