ഇന്ത്യ ചൈനീസ് ആപ്പ് നിരോധിച്ചു; ഇന്ത്യന്‍ ചാനലായ വിയോണിനെ വിലക്കി ചൈന

ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ചതില്‍ മറുപടിയായി ഇന്ത്യന്‍ ചാനലായ വിയോണിനെ വിലക്കി ചൈന. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിയോണ്‍ ചാനലിന്റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. എസ്സെല്‍ ഗ്രൂപ്പ് – സീ ടെലിവിഷന്‍ കമ്പനിയുടേതാണ് വിയോണ്‍ ഗ്ലോബല്‍ ഇംഗ്ലീഷ് ന്യൂസ് ചാനല്‍. നേരത്തെ ചാനല്‍, ചൈനയിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ അധികൃതര്‍ പ്രതിഷേധിച്ചിരുന്നു.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ചൈന സത്യസന്ധമായി ശ്രമിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം.

പ്രത്യേകിച്ച് ഡാറ്റ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് കമ്പനികളോടുള്ള വിവേചനപരമായ നടപടികള്‍ ഇന്ത്യ തിരുത്തുമെന്ന് കരുതുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Top