വേദനസംഹാരികളടക്കം 328 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു

drugs seized

ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ആറ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകളുടെ അനധികൃത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണിത്.

സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്. വേദന സംഹാരിയായ സാറിഡോണ്‍, സ്‌കിന്‍ ക്രീമായ പാന്‍ഡേം, പ്രമേഹ മരുന്നായ ഗ്ലൂകോനോം പിജി എന്നിവ നിരോധിച്ചവയില്‍ ചിലതാണ്.

2016ല്‍ 50 മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസുകളുടെ പരിശോധന ഉപദേശക സമിതിയ്ക്ക് വിട്ടു. എന്നാല്‍ ഈ മരുന്നുകളുടെ ചേരുവകളെക്കുറിച്ച് കൃത്യമായി വിശദീകരണം നല്‍കാന്‍ മരുന്നു കമ്പനികള്‍ക്കായില്ല. ഇവയുടെ ഉപയോഗം മനുഷ്യന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെയാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കോമ്പിനേഷന്‍ മരുന്നുകളുടെ നിരോധനം മാര്‍ക്കറ്റില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. 16 ബില്ല്യണ്‍ രൂപയുടെ മരുന്നുകളാണ് ഒറ്റയടിക്ക് നിരോധിച്ചത്. വിവിധ വന്‍കിട-ചെറുകിട മരുന്നു കമ്പനികളെ ഇത് ബാധിക്കുമെന്ന് ഇന്ത്യന്‍ മരുന്നു നിര്‍മ്മാതാക്കളുടെ സംഘടനാ അദ്ധ്യക്ഷന്‍ ദീപ്‌നാഥ് റോയി ചൗധരി പറഞ്ഞു. എന്നാല്‍ വിധിയെ മാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി മരുന്നുകള്‍ കഴിക്കുന്നതിനു പകരം രോഗിയ്ക്ക് ഒറ്റ മരുന്ന് കഴിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്നതാണ് കോമ്പിനേഷന്‍ മരുന്നുകള്‍. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യന്റെ പ്രതിരോധശേഷിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഈ മേഖലയിലെ മികച്ച ഉപഭോക്താവാണ്.

അബ്ബോട്ട് അടക്കമുള്ള കമ്പനികളാണ് 2016ല്‍ സുപ്രീംകോടതിയില്‍ അപ്പീലിന്‌ പോയത്. എന്നാല്‍ പുതിയ തീരുമാനത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല.

Top