ഇന്ത്യയിലും ബംഗ്ലാദേശിലും ഐഎസ് ആക്രമണം നടത്താന്‍ സാധ്യത; പുതിയ തലവനെ നിയമിച്ചു

ന്യൂഡല്‍ഹി; ഏപ്രില്‍ 22ന് ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഇന്ത്യയിലും ബംഗ്ലാദേശിലും നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഐഎസ് ഭീകരസംഘടനയായ ‘അല്‍മുര്‍സലാത്ത്’ ബംഗാളില്‍ തങ്ങളുടെ പുതിയ തലവനെ (എമിര്‍) നിയമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശിലെയും ബംഗാളിലെയും സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്. ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുക, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയാണ് തെരഞ്ഞെടുക്കപ്പെട്ട തലവന്റെ ചുമതലകള്‍.

തിങ്കളാഴ്ച ധാക്കയിലെ ഗുലിസ്റ്റന്‍ തിയറ്ററിനു സമീപം സ്‌ഫോടനമുണ്ടായിരുന്നു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല. ”ബംഗാളിലും ഹിന്ദിലുമുള്ള ഖിലാഫത്ത് സൈന്യം ഒരിക്കലും നിശബ്ദരായിരിക്കില്ല, പ്രതികാരത്തിനുള്ള ദാഹം മറഞ്ഞുപോകുകയുമില്ലെന്നും” ഐഎസ് പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്നു ക്രിസ്റ്റ്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തില്‍ 11 ഇന്ത്യക്കാരടക്കം 253 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Top