ഇന്ത്യയുടെ ചങ്കൂറ്റത്തിൽ ഞെട്ടി ചൈന . . മിന്നൽ ആക്രമണത്തിൽ വിറച്ച് പാക്ക് . .

india pak

ശ്രീനഗര്‍ : ഒരിക്കല്‍ നല്‍കിയ തിരിച്ചടി കൊണ്ട് പാഠം പഠിക്കാത്ത പാക്കിസ്ഥാനെ വീണ്ടും ‘പഠിപ്പിച്ച്’ ഇന്ത്യ.

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ അനവധി തീവ്രവാദികളും പാക്ക് സൈനികരും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖ കടന്നു നടത്തിയ ആക്രമണമായതിനാല്‍ ഇന്ത്യ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സൈനിക മേധാവിയും ഇതു സംബന്ധിച്ച സൂചനകള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്.

ചിലത് നടന്നു കഴിഞ്ഞെന്നും തനിയ്ക്കത്‌ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ വേണ്ടതെല്ലാം ചെയ്തു എന്നാണ് സുരക്ഷാ സേനയുടെ ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മ പ്രതികരിച്ചത്.

പാക്കിസ്ഥാന്‍ റഡാറുകള്‍ക്ക് പിടികൊടുക്കാതെ നടത്തിയ ആക്രമണം നടന്ന് മൂന്ന് ദിവസമായിട്ടും നാണക്കേട് ഓര്‍ത്ത് പാക്കിസ്ഥാന്‍ വിവരം പുറത്തുവിട്ടിട്ടില്ല.

india-pak

ഇന്ത്യന്‍ സൈന്യം ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പുള്ളതിനാല്‍ നിഷേധിച്ചാല്‍ മുന്‍പ് നടത്തിയ മിന്നലാക്രമണം ‘മോഡല്‍’ ഈ ദൃശ്യങ്ങളും പുറത്തുവിടുമെന്ന ആശങ്ക പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനെ ഏറ്റവും അധികം പിന്തുണക്കുന്ന ചൈനയെ സംബന്ധിച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ആക്രമണം. വീണ്ടുമൊരു മിന്നലാക്രമണം പാകിസ്ഥാനില്‍ കയറി ഇന്ത്യ നടത്തുമെന്ന് ചൈനീസ് ചാരക്കണ്ണുകള്‍ക്കു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്ത് ഇന്ത്യയുടെ കരുത്തും ആര്‍ജ്ജവവും പ്രകടിപ്പിക്കുന്നതാണ് പുതിയ മിന്നലാക്രമണമെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അതിര്‍ത്തി കടന്ന് വീണ്ടും മിന്നലാക്രമണം നടത്തുക വഴി എന്തിനും തയ്യാറാണ് ഇന്ത്യന്‍ സൈന്യമെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കപ്പെടുകയാണ് ചെയ്തിരിക്കന്നത്.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ജപ്പാന്‍, ഇസ്രയേല്‍, ജര്‍മ്മനി തുടങ്ങി ലോകത്തെ പ്രധാന സൈനിക-സാമ്പത്തിക ശക്തികളുടെ പിന്തുണ ഇന്ത്യക്കുള്ളതിനാല്‍ ‘അവിവേകം’ കാട്ടുന്നത് ബുദ്ധിശൂന്യ നിലപാടായിരിക്കും എന്ന തിരിച്ചറിവ് ചൈനക്കുമുണ്ട്. പാക്കിസ്ഥാനിലൂടെ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ടു കൂടിയാണ് ഇന്ത്യയുടെ നീക്കമെന്നാണ് ചൈനീസ് ഭരണകൂടം കരുതുന്നത്.

Indian army

പട്ടാളം അധികാരത്തിലേറ്റിയ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഇന്ത്യ – പാക്ക് ചര്‍ച്ചയില്‍ നിന്നും ഏകപക്ഷീയമായി ഇന്ത്യ പിന്‍മാറിയതിനു പിന്നാലെ വെടിയുണ്ടകള്‍ കൊണ്ടു മറുപടി കൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയാണ് പാക്ക് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥരെയും സൈനികരെയും മൃഗീയമായി കൊല ചെയ്യുകയും ബന്ധുക്കളെ തട്ടികൊണ്ടു പോകുകയും ചെയ്യുന്ന പാക്ക് തീവ്രവാദികളുടെ നടപടിയാണ് ചര്‍ച്ച ബഹിഷ്‌ക്കരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

പാക്ക് സൈന്യത്തിന്റെയും ചാര സംഘടനയുടെയും പ്രേരണയിലാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇനിയും ക്ഷമിക്കാന്‍ പറ്റില്ലെന്ന സൈന്യത്തിന്റെ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കിയതോടെയാണ് രണ്ടാം മിന്നല്‍ ആക്രമണത്തിന് അരങ്ങൊരുങ്ങിയത്.

ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ തന്നെ ഇന്ത്യന്‍ സൈന്യം പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം. നാശനഷ്ടങ്ങളുടെ തോതും ആള്‍നാശവും മറ്റും അതോടെ പൂര്‍ണ്ണമായും വ്യക്തമാവും.

2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരിലാണ് രാജ്യം ആചരിച്ചു വരുന്നത്. ‘മാതൃരാജ്യത്തിന്റെ സുരക്ഷക്കായി ത്യാഗം ചെയ്യുന്ന സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊണാര്‍ക്ക് യുദ്ധ സ്മാരകത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

Top