ആകാംക്ഷയോടെ ഇന്ത്യന്‍ ജനത, ട്രംപ് എത്താന്‍ മിനിട്ടുകള്‍ മാത്രം, കനത്ത സുരക്ഷ

അഹമ്മദാബാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനായെത്താന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന ട്രംപിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്റെ പ്രതീക്ഷ. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കും.

രാവിലെ 11.40-നാണ് ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുക. സഹപ്രവര്‍ത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള ബീസ്റ്റ് എന്ന അത്യാധുനിക ലിമോസിന്‍ കാറും ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള മറീന്‍വണ്‍ ഹെലികോപ്റ്ററും ഇന്ത്യയിലെത്തിച്ചു.

വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ട്രംപിനെ വരവേല്‍ക്കും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍. വിമാനത്താവളത്തില്‍ നിന്ന് 12-ന് റോഡ് ഷോ ആരംഭിക്കും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും.

ഗുജറാത്തിലെ നൃത്തസംഘമാകും ആദ്യത്തെ വേദിയിലുണ്ടാവുക. കന്റോണ്‍മെന്റ് ഭാഗത്താണ് മലയാളി കലാകാരന്മാര്‍ക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്. സാബര്‍മതി ആശ്രമത്തിലെത്തിയാല്‍ ട്രംപിനും സംഘത്തിനും ആവശ്യമെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. അരമണിക്കൂര്‍ മാത്രമാണ് ചെലവഴിക്കുക. നദീതീരത്തെ വേദിയില്‍നിന്ന് അഹമ്മദാബാദ് ഓള്‍ഡ് സിറ്റി വീക്ഷിക്കാന്‍ കഴിയും. ആശ്രമത്തില്‍ നിന്നിറങ്ങി ശേഷം റോഡ് ഷോ പുനരാരംഭിക്കും. ഇവിടെനിന്ന് മൊട്ടേര സ്റ്റേഡിയം വരെ ജനങ്ങള്‍ പതാകകള്‍ വീശി സ്വീകരിക്കും. രാവിലെ ഒമ്പതു മുതല്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ഇവര്‍ക്കായി ഗുജറാത്തിലെയും ഹോളിവുഡിലെയും പ്രമുഖ ഗായകരുടെ സംഗീതപരിപാടികള്‍ ഉണ്ടാകും. വിശിഷ്ടാതിഥികള്‍ എത്തുന്നതിനുമുന്നേ ഇവ അവസാനിപ്പിക്കും. തുടര്‍ന്ന് മോദിയും ട്രംപും ജനങ്ങളോട് സംസാരിക്കും. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

3.30-ഓടെ പരിപാടികള്‍ അവസാനിപ്പിച്ച് സ്റ്റേഡിയത്തിനുപിന്നില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ട്രംപ് വിമാനത്താവളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്കും ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ ആഗ്രയ്ക്കും തിരിക്കും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ഇവിടെ സ്വീകരിക്കുക.

വൈകീട്ട് ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി വന്‍വ്യാപാരക്കരാറില്‍ ഒപ്പിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ട്രംപ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില് 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി നല്‍കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും.
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

Top