കൊറോണ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോ? ഓസീസിന് ടെന്‍ഷന്‍,കടമെടുത്തത് 250 കോടി

മെല്‍ബണ്‍: കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടക്കുമോ ഇല്ലയോ എന്ന കാര്യം വിധിക്കു വിട്ടു കൊടുത്തിരിക്കുകയാണെന്ന് ബിസിസിഐ. എന്നാല്‍ അങ്ങനെയങ്ങു വിട്ടു കൊടുക്കാന്‍ തയാറായിരുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

വരുമാനത്തില്‍ വലിയൊരു പങ്ക് കൊണ്ടു വരും എന്നു വിശ്വസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് മേളകള്‍ എങ്ങനെയെങ്കിലും നടത്തണമെന്ന വാശിയിലാണ് അവര്‍. ഒന്ന് ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര. രണ്ട് ട്വന്റി20 ലോകകപ്പ്. കളിക്കാരെ താമസിപ്പിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും യാത്ര ഇളവുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെങ്കില്‍ നഷ്ടം കുറയ്ക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അഞ്ചുകോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ വായ്പയെടുത്തു എന്നാണു പുതിയ വാര്‍ത്ത.

ഒക്ടോബര്‍ മുതല്‍ 2021 ജനുവരി വരെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകള്‍, മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യും എന്നിവയാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ്. എന്നാല്‍ ലോകമെങ്ങും ലോക്ഡൗണിലായതോടെ പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ പര്യടനത്തിനിടെ, ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ട്വന്റി20 ലോകകപ്പ്. ലോക്ഡൗണ്‍ മൂലം രണ്ട് ചാംപ്യന്‍ഷിപ്പുകളും നടക്കാതായാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാവുക.

ഇന്ത്യന്‍ പരമ്പര റദ്ദാക്കിയാല്‍ മാത്രം 300 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ആയിരിക്കും നഷ്ടം.

ഇന്ത്യന്‍ പര്യടനമാണ് മുഖ്യം എന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇപ്പോഴുള്ള പോക്ക്. അഡ്‌ലെയ്ഡ് ഓവലില്‍ പണി തീര്‍ത്ത പുതിയ ആഡംബര ഹോട്ടല്‍ ഇന്ത്യന്‍ ടീമിന് നിര്‍ബന്ധിത എസൊലേഷന്‍ കേന്ദ്രമായി നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം ഓസ്‌ട്രേലിയന്‍ സര്‍ക്കാരും പരിഗണിക്കുന്നുണ്ട്. ബിസിസിഐ പര്യടനത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ട്വന്റി20 ലോകകപ്പ് റദ്ദാക്കുകയാണെങ്കില്‍ ഇന്ത്യന്‍ പര്യടനം നീട്ടി വയ്ക്കുക എന്ന പ്ലാന്‍ ബിയും ഓസ്‌ട്രേലിയയുടെ മനസ്സിലുണ്ട്.

പര്യടനത്തിനായി ഇന്ത്യ വരാതിരുന്നാല്‍ അതു ഞങ്ങളെ തകര്‍ത്തു കളയും. രാജ്യത്തെ സാഹചര്യങ്ങളൊക്കെ വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. 34 അല്ലെങ്കില്‍ 45 മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇവിടെ വരാം എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. മാര്‍നസ് ലബുഷെയ്ന്‍ പറഞ്ഞു.

Top