ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരം; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള  ഇന്ത്യ-ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഓസീസ് പടയെ മൊത്തത്തില്‍ ചുരുട്ടിക്കൂട്ടി ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. ഓള്‍റൗണ്ട് പ്രകടമായിരുന്നു ഇന്ത്യയുടേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ മിന്നുന്ന ജയമാണ് നേടിയത്. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി നേടി. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും.

153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കെ എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. മികച്ച പ്രകടനത്തോടെയാണ് രോഹിത് ശര്‍മ കരുത്തുറ്റ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിട്ടത്. രോഹിത് ശര്‍മയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച കെ എല്‍ രാഹുല്‍ 39 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും പ്രകടനവും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാര്‍ യാദവ് 38 റണ്‍സും നേടി.

ഇതിനു പിന്നാലെ മത്സരത്തിനിടയിലുള്ള ചില ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇന്നത്തെ മത്സരത്തില്‍ പുറത്തിരുന്ന യുവതാരം റിഷഭ് പന്തിന് മുന്‍ നായകനും ടീം മെന്ററുമായ മഹേന്ദ്ര സിങ് ധോണി പരിശീലനം നല്‍കുന്നതാണ് വൈറലായത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കീപ്പര്‍മാരില്‍ ഒരാളായ ധോണി യുവതാരം റിഷഭ് പന്തിന് വിക്കറ്റ് കീപ്പിങ്ങില്‍ പരിശീലനം നല്‍കുന്നതാണ് വീഡിയോയില്‍. ബൗണ്ടറി ലൈനിന് അരികിലായി ഏറെ നേരം ഈ പരിശീലനം തുടരുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ബാറ്റിങ് സമയത്ത് പരിശീലനം മതിയാക്കി ധോണിയും ഇപ്പോഴത്തെ കോച്ച് രവി ശാസ്ത്രിയും ചേര്‍ന്ന് പന്തിനും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഉപദേശങ്ങള്‍ നല്‍കുന്നതും ടെലികാസ്റ്റിലൂടെ ലോകം മുഴുവന്‍ കണ്ടു.

Top