ഇന്ത്യയ്ക്കെതിരെ ഒന്നാമിന്നിങ്‌സിൽ ഓസ്ട്രേലിയ 338 റണ്‍സിന് പുറത്ത്; സ്മിത്തിന് സെഞ്ചുറി

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മികച്ച മുന്നേറ്റം. ഇന്ത്യയ്ക്കെതിരെ ഒന്നാമിന്നിങ്‌സിൽ ഓസ്ട്രേലിയ 338 റണ്‍സിന് പുറത്ത്. ഓസീസിന് വേണ്ടി സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. അവസാന വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡിനെ കൂട്ടുപിടിച്ച് സ്മിത്ത് 23 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസിനെ 338 റണ്‍സ് വരെയെത്തിക്കുകയായിരുന്നു.

226 ബോളില്‍16 ബൗണ്ടറികളുള്‍പ്പെടെ 131 റൺസ് ആണ് സ്മിത്ത് നേടിയത്. 2017നു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ ഓസീസ് താരവും അവസാനമായി ടെസ്റ്റ് സെഞ്ച്വറി നേടിയ താരവും സ്മിത്ത് ആണ്. സ്മിത്തിന്റെ 27-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. മാര്‍നസ് ലബ്യുഷെയ്ന്‍ (91), അരങ്ങേറ്റക്കാരൻ വില്‍ പ്യുകോസ്‌കി (62) എന്നിവരും ഓസീസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. മിച്ചെല്‍ സ്റ്റാര്‍ക്ക് (24), മാത്യു വെയ്ഡ് (13), കാമറോണ്‍ ഗ്രീന്‍ (0), നായകന്‍ ടിം പെയ്ന്‍ (1), പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെ പവലിയനിലേക്ക് മടങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജസ്പ്രീത് ബുംറയും നവദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ ദിവസത്തെ ടീം സ്‌കോറിലേക്കു 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലബ്യുഷെയ്‌നെയാണ് രണ്ടാം ദിനം ഇന്ത്യ ആദ്യം പുറത്താക്കിയത്. സെഞ്ച്വറിക്കു ഒമ്പത് റണ്‍സ് മാത്രം‌ അകലെ നിൽക്കെയാണ് താരത്തെ ഇന്ത്യ മടക്കിയത്. ജഡേജയുടെ ബൗളിങില്‍ ലബ്യുഷെയ്‌നെ നായകന്‍ അജിങ്ക്യ രഹാനെയാണ് പിടികൂടിയത്. 196 ബോളില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Top