ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയിലെ ആദ്യ മത്സരം കാൻബറയിൽ; 162 റൺസെടുത്ത് ഇന്ത്യ

കാൻബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിനു തുടക്കം. മത്സരത്തിൽ ടോസ് ജയിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. കെ.എൽ രാഹുലിന് അർദ്ധ സെഞ്ച്വറി. കെ.എൽ രാഹുലും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

കെ.എൽ.രാഹുൽ 40 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റൺസ് നേടിയാണ് പുറത്തായത്. 23 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 44 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. നാലാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ ഒരു സിക്‌സും ഒരു ഫോറും ഉൾപ്പടെ 15 പന്തിൽ 23 റൺസും ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് 16 റൺസും നേടി. ശിഖർ ധവാനൊപ്പം കെ.എൽ.രാഹുലാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഒരു റൺസെടുത്ത ധവാനെ സ്റ്റാർക് പുറത്താക്കി. ക്യാപ്റ്റന്‍ വിരാട് കോലി (9), മനീഷ് പാണ്ഡെ (2) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി.

ടി. നടരാജനും മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംനേടി. മൂന്നാം ഏകദിനത്തില്‍ ക്ലിക്കായ നടരാജന്റെ ട്വന്റി 20 അരങ്ങേറ്റമാണിത്. അഞ്ചാമനായാണ് സഞ്ജു ടീമിൽ കയറിയത്. ജസ്‌പ്രീത് ബുംറയെ ഒഴിവാക്കി. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ടീമിലില്ല. പകരം സ്‌പിന്നർമാരായി വാഷിങ്‌ടൺ സുന്ദറും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ഓസ്ട്രേലിയൻ ടീമിൽ പരിക്ക് കാരണം ഡേവിഡ് വാർണറും പാറ്റ് കമ്മിൻസും ഇല്ല. ഓസ്‌ട്രേലിയക്ക് വേണ്ടി മോയ്‌സസ് ഹെൻറികസ് മൂന്നും മിച്ചൽ സ്റ്റാർക് രണ്ടും ആദം സാംപ, മിച്ചൽ സ്വെപ്‌സൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Top