ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 ; ഇന്ത്യയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം 58 റണ്‍സാണ് വെയ്ഡ് എടുത്തത്. മുൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തിനെ കൂട്ടുപിടിച്ചായിരുന്നു വെയ്​ഡിന്റെ വിളയാട്ടം.

എട്ടാം ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് തകര്‍ത്തടിച്ച് മുന്നേറിയ മാത്യു വെയ്ഡിനെ പുറത്താക്കിയത്. സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിനെ തന്റെ ആദ്യ ഓവറില്‍ തന്നെ ടി. നടരാജൻ പുറത്താക്കി. 13 പന്തില്‍ രണ്ടു സിക്‌സടക്കം 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഷാര്‍ദുല്‍ താക്കൂര്‍ തന്റെ സ്ലോ ബോളില്‍ വീഴ്ത്തുകയായിരുന്നു. മോയസ് ഹെന്റിക്വസ് 18 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (16), ഡാനിയല്‍ സാംസ് (8) എന്നിവര്‍ പുറത്താകാതെ നിന്നു.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. അതേസമയം യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി നാല് ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്.

Top