ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി; 374 റണ്‍സെടുത്ത് ഓസീസ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്ത് ടീം ഓസ്‌ട്രേലിയ. 114 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും 105 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയയ്ക്ക് ഈ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഡേവിഡ് വാര്‍ണര്‍(69), ഗ്ലെന്‍ മാക്‌സ്‌വെല്‍(45) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.

ഒന്നാം വിക്കറ്റില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്നു 156 റണ്‍സാണ് അടിച്ചെടുത്തത്. പിന്നീടെത്തിയ സ്മിത്ത്- ഫിഞ്ച് കൂട്ടുകെട്ടും മികച്ച സ്‌കോറാണ് ഓസീസിന് നേടികൊടുത്തത്. ഇതിനിടയില്‍ ഓസിസിനായി അതിവേഗത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഫിഞ്ച് സ്വന്തമാക്കി.

ഇന്ത്യന്‍ നിരയില്‍ 10 ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഹേയ്‌സല്‍വുഡാണ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്. കോലിയെയും ശ്രേയസ് അയ്യരെയും ഓരേ ഓവറില്‍ ഹെയ്‌സല്‍വുഡ് പുറത്താക്കിയപ്പോള്‍ കെ.എല്‍ രാഹുലിനെ ആദം സാംപയും മടക്കി. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 4.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് 50 സ്‌കോര്‍ നേടി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുംറ, സെയ്നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Top