ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 നാളെ

ന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹൈദരാബാദില്‍ നടക്കും. ജയിക്കുന്നവര്‍ക്ക് പരമ്പര നേടാമെന്നതിനാല്‍ ആവശേപ്പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മഴ മൂലം എട്ടോവര്‍ വീതമാക്കി കുറച്ച രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് ഇപ്പോഴും ക്ലച്ച് പിടിച്ചിട്ടില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷമുള്ള രണ്ടാം മത്സരത്തിലും റണ്‍സേറെ വഴങ്ങിയ ഹര്‍ഷല്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളിംഗില്‍ ഇന്ത്യയെ അലട്ടുന്നത്.

രണ്ടാം മത്സരം എട്ടോവര്‍ വീതമായതിനാല്‍ നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ ഭുവനേശ്വര്‍ കുമാറിന് പകരം റിഷഭ് പന്ത് ടീമിലത്തിയിരുന്നു. വിക്കറ്റ് കീപ്പറായെങ്കിലും പന്തിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. ഫിനിഷറെന്ന നിലയില്‍ രണ്ട് പന്തില്‍ 10 റണ്‍സുമായി അവസാന ഓവറില്‍ കളി ഫിനിഷ് ചെയ്ത ദിനേശ് കാര്‍ത്തിക് തന്നെ നാളെയും തുടരും. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയാല്‍ റിഷഭ് പന്ത് വീണ്ടും പുറത്തിരിക്കേണ്ടിവരും.

അഞ്ചാം ബൗളറെന്നന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല.യുസ്‌വേന്ദ്ര ചാഹലിന് പകരം നാളെ ആര്‍ അശ്വിനെ കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്മെന്റ് ഗൗരവമായി പരിഗണിക്കും. ഏഷ്യാ കപ്പിന് പിന്നാലെ ചാഹലിന് ആദ്യ രണ്ട് കളികളിലും ഒരു സ്വാധീനവും ഉണ്ടാക്കാനായില്ല. ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു ഘടകം. രണ്ടാം മത്സരത്തില്‍ രണ്ടോവറില്‍ 20 റണ്‍സിലേറെ വഴങ്ങിയെങ്കിലും ആരോണ്‍ ഫിഞ്ചിന്റെ നിര്‍ണായക വിക്കറ്റെടുക്കാന്‍ ബുമ്രക്കായിരുന്നു.

ബാറ്റിംഗ് നിരയില്‍ രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍ എന്നിവരടങ്ങിയ ടോപ് ഫോറില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ല. റിഷഭ് പന്തിനെ കരക്കിരുത്തിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ദിനേശ് കാര്‍ത്തിക് ആറാമതും അക്സര്‍ ഏഴാമതും ബാറ്റിംഗിനെത്തു. അശ്വിന്‍, ഭുവനേശ്വര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ അന്തിമ ഇലവന്‍.

Top