India attacked pakistan

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് തിരിച്ചടിയായി പാക്ക് അതിര്‍ത്തിയില്‍ കയറി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇന്നലെ അര്‍ധരാത്രി നടന്ന മിന്നല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ കര-വ്യോമസേനാ വിഭാഗങ്ങള്‍ പങ്കെടുത്തു.

വന്‍ നാശനഷ്ടമാണ് പാക്ക് ഭീകരക്യാമ്പുകള്‍ക്കും പാക്ക് സൈന്യത്തിനുമുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ തിരിച്ചടി ലോകരാഷ്ട്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യാ-പാക്ക് യുദ്ധം മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ അതിക്രമിച്ച് കയറി ഇന്ത്യ മിന്നലാക്രമണം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

ആക്രമണത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായിരുന്ന ഭീകര ക്യാമ്പുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനായെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ റണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആക്രമണത്തിന് ശേഷം ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നല്‍കിയിരുന്നെന്ന് അറിയിച്ച ജനറല്‍ റണ്‍ബീര്‍ സിങ് എവിടെയാണ് ആക്രമണം നടത്തിയതെന്ന വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല.

ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപും സ്ഥിരീകരിച്ചു.

ആക്രമണം തുടരാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ സൈന്യം ഭീകരര്‍ക്കെതിരെ മാത്രമല്ല അവരെ സഹായിക്കുന്നവര്‍ക്കും ശക്തമായ മറുപടി കൊടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് തരം തിരിച്ചടിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും സൈന്യം അറിയിച്ചു.38 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊല്ലപ്പെട്ട പാക്ക് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും അനശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ ഭാഗത്തു നാശനഷ്ടങ്ങളൊന്നുമില്ല.

കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. നിയന്ത്രണരേഖയില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇന്ത്യന്‍ സൈന്യം ഉള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുന്‍കൂട്ടി അറിയിച്ചിരുന്നു.

ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് ആക്രമണം നടത്തിയത്. അര്‍ധരാത്രിക്കുശേഷം ആരംഭിച്ച ആക്രമണം പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. നിയന്ത്രണരേഖയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഏഴു ഭീകര താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ ഭീകരസംഘടനകളുടെയായിരുന്നു ക്യാംപുകള്‍. ആക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുള്ളതായാണ് സൂചന. പൈലറ്റില്ലാ വിമാനങ്ങളാണ് ആക്രമണത്തിന്റെ വിഡിയോ ശേഖരിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇന്ത്യന്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു.

Top