പാക്ക് പ്രതിരോധ സംവിധാനം പൊള്ള, ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി ഇന്ത്യ !

പാക്കിസ്ഥാന്‍ പ്രതിരോധ സംവിധാനം വെറും നോക്കുകുത്തിയോ ? അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് 21 മിനിറ്റ്‌ സ്വന്തം നാട്ടില്‍ ഇന്ത്യന്‍ വ്യോമസേന കൊടും നാശം വിതച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് പാക്ക് മുഖമൂടിയാണ്. ഇപ്പോള്‍ ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ചാമ്പലാക്കിയത്. ഇനിയും പാക്കിസ്ഥാന്‍ സാഹസം കാട്ടിയാല്‍ കറാച്ചിയും ഇസ്ലാമാബാദും എല്ലാം ഓര്‍മ്മയാകാന്‍ നിമിഷ നേരം മതി. സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ ചെന്നെത്തി ആക്രമണം നടത്താനും ഇന്ത്യന്‍ വ്യോമസേനക്ക് അധികം സമയം ആവശ്യമില്ല.യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഔദാര്യം കൊണ്ടു മാത്രമാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ കൂടുതല്‍ പ്രഹരം ഏല്‍ക്കാതെ രക്ഷപ്പെട്ടിരിക്കുന്നത്.

ചൈനയുടെ മാത്രമല്ല, മുന്‍പ് അമേരിക്കയും നല്‍കിയ പ്രതിരോധ സംവിധാനങ്ങളിലാണ് പാക്കിസ്ഥാന്റെ കരുത്ത്. ഇതില്‍ അഹങ്കരിച്ചിരുന്നവര്‍ക്കാണ് ഇപ്പോള്‍ നല്ല ‘പണി’ കിട്ടിയിരിക്കുന്നത്.വ്യാവസായിക തലസ്ഥാനമായ കറാച്ചിയും രാജ്യ തലസ്ഥാനമായ ഇസ്ലാമബാദും റാവില്‍ പിണ്ടിയിലെ സൈനിക ആസ്ഥാനവുമെല്ലാം ഇന്ത്യ വിചാരിച്ചിരുന്നുവെങ്കില്‍ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യം പ്രതിരോധരംഗത്തെ വന്‍ സുരക്ഷാപിഴവ് ചൂണ്ടിക്കാട്ടി പാക്ക് മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പൊളിഞ്ഞ പ്രതിരോധ സംവിധാനം വച്ച് തിരിച്ചടിക്കാന്‍ പോയാല്‍ വലിയ പ്രഹരം ഏല്‍ക്കേണ്ടി വരുമെന്ന് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

പാക്ക് റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യ നടത്തിയ ആക്രമണം ലോക രാജ്യങ്ങള്‍ക്കിടയിലും അത്ഭുതമായിട്ടുണ്ട്. മുന്‍പ് നടത്തിയ മിന്നല്‍ ആക്രമണം പോലെയല്ല, തീരുമാനിച്ച് മുന്‍ കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണം പോലും തടയാന്‍ പാക്കിസ്ഥാന് കഴിയാതിരുന്നത് ആ രാജ്യത്തിന്റെ ശേഷി കുറവിനെയാണ് തുറന്ന് കാട്ടുന്നത്. ഇന്ത്യയുടെ യുദ്ധ മികവ് പ്രകടിപ്പിക്കുന്നതായിരുന്നു ഈ ആക്രമണം. ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്ത് ഭീകരരെ മുന്‍ നിര്‍ത്തി പിന്നില്‍ നിന്നും ആക്രമിക്കുന്ന പാക്കിസ്ഥാന്‍ സ്വയം രക്ഷ നോക്കാതെ നടത്തുന്ന ഏര്‍പ്പാടിനുള്ള തിരിച്ചടിയായി ഈ സംഭവം തുറന്ന് കാട്ടപ്പെട്ടു കഴിഞ്ഞു.

ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് ആക്രമണം നടത്തി 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. നാല് ഇടങ്ങളില്‍ നിന്നും പറന്നുയര്‍ന്നാണ് ഇന്ത്യ, പാക്ക് മണ്ണില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. അതേ സമയം പ്രത്യാക്രമണത്തിനായി തിരിച്ച പാക്ക് യുദ്ധവിമാനങ്ങള്‍ക്ക് പെട്ടന്ന് തന്നെ മടങ്ങേണ്ടിയും വന്നു. ഇന്ത്യന്‍ യുദ്ധ സന്നാഹം കണ്ട് ഭയന്നായിരുന്നു ഈ പിന്‍മാറ്റം. അതിര്‍ത്തി കടന്ന ഒരു ഡ്രോണ്‍ ഗുജറാത്തില്‍ ഇന്ത്യന്‍ സേന വെടിവെച്ചിട്ടിട്ടുണ്ട്.

ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറക്കാവുന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ വട്ടമിട്ട് പറക്കുകയാണ്.ഏത് ആക്രമണം ഇനി ഉണ്ടായാലും സ്‌പോട്ടില്‍ തന്നെ തിരിച്ചടിക്കാനാണ് സേനാ മേധാവികള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.അതായത് ഇനിയും പാക്കിസ്ഥാന്‍ സാഹസം കാട്ടിയാല്‍ ഇപ്പോള്‍ കിട്ടിയ ഔദാര്യം ഇനി അവര്‍ക്ക് കിട്ടില്ലന്ന് വ്യക്തം.

ഇന്ത്യ- പാക്ക് വിഭജനത്തിനും ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം പാക്കിസ്ഥാന് ലഭിക്കുന്ന കനത്ത പ്രഹരമായാണ് ഇപ്പോഴത്തെ ആക്രമണം വിലയിരുത്തപ്പെടുന്നത്. അതിര്‍ത്തി കടന്ന് എപ്പോള്‍ വേണമെങ്കിലും ഇനിയും ആക്രമിക്കും എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. സമാധാന രാജ്യം എന്നതിനപ്പുറം തിരിച്ചടിക്കാന്‍ ശക്തിയുള്ള രാജ്യം എന്ന നിലയിലേക്കാണ് ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുന്നത്. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്തും അവയുടെ പാക്ക് വേരുകള്‍ അറുത്തെറിഞ്ഞുമാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ ഇപ്പോള്‍ പണി തുടങ്ങിയിരിക്കുന്നത്.

Top