യുഎൻ ആസ്ഥാനത്ത് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ഹിന്ദി പദ്ധതി വേണമെന്ന് ആവശ്യം

ജനീവ: ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ടൂര്‍ പരിപാടികള്‍ ഹിന്ദി ഭാഷയിലും വേണമെന്ന ആവശ്യം ദീപക് മിശ്ര ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കമ്മറ്റിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാക്കേജ് ഉണ്ടായാല്‍ ഇനിയും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുമെന്ന് യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

ആറ് ഔദ്യോഗിക ഭാഷകളില്‍ ഐക്യരാഷ്ട്രസഭ ഇപ്പോള്‍ ടൂര്‍ പദ്ധതികള്‍ നടത്തുന്നുണ്ട്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യ, സ്പാനിഷ് എന്നിവയിലാണ് പ്രധാന ടൂറിസം പദ്ധതികള്‍. ജര്‍മ്മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലും പല ടൂറിസം പദ്ധതികളുമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ 45 മിനിറ്റുള്ള ടൂര്‍ പരിപാടിയ്ക്ക് ഒരു മണിക്കൂറില്‍ 22 ഡോളറാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 15 ഡോളറാണ് നല്‍കേണ്ടി വരിക.

സുരക്ഷാ കൗണ്‍സില്‍, പൊതുസഭ എന്നിവ സന്ദര്‍ശിക്കുന്നതിന് പുറമെ വിവിധ എക്‌സിബിഷനുകളും കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ട്. യുഎന്‍ പ്രാധാന്യം നല്‍കുന്ന സുരക്ഷ, സമാധാനം, ആയുധ നിരായുധീകരണം, സുസ്ഥിര വികസനം തുടങ്ങിയവയെക്കുറിച്ചും അതിന് യുഎന്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ചും വിശദമായി വിവിധ ഗൈഡുകള്‍ വിശദീകരിക്കുന്നതും ടൂര്‍ പ്രോഗ്രാമുകളുടെ ഭാഗമാണ്.

ബഹുസ്വരത സാധ്യമാക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും ഭാഷകള്‍ക്ക് പ്രചാരം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങളും കാഴ്ചപ്പാടുകളും അടുത്തറിയാന്‍ ജനങ്ങള്‍ക്ക് അതിലൂടെ സാധിക്കും.

ഹിന്ദി ഭാഷ പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദി ദിനാചരണവും ഇന്ത്യ നടത്തുന്നുണ്ട്. കഴിഞ്ഞ മാസം ഹിന്ദി പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ യുഎന്‍ ആസ്ഥാനത്ത് ആരംഭിച്ചിരുന്നു. വാര്‍ത്തകള്‍ ഹിന്ദിയിലാക്കി പ്രചാരം നല്‍കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം.

Top